2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

എട്ടിന്റെ പണി


"റയില്‍വെ എജെന്റുമാര്‍ കൂട്ടത്തോടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നത് തടയാന്‍ 8 മണി മുതല്‍ 9 മണി വരെ എജെന്റ്/ഓണ്‍ലൈന്‍ ബുക്കിംഗ് അനുവദിക്കുന്നതല്ല" റയില്‍വേ മന്ത്രി ദിനേശ് ചതുര്‍വേദി

ഹോ ഫയങ്കര ബുത്തി! ഇത് പാവം ജനങ്ങള്‍ക്കിട്ടൊരു  പണി തന്നതല്ലേ? അല്ലെങ്കിലും നിന്നെയൊക്കെ വോട്ട് ചെയ്ത ജയിപ്പിച്ച മരക്കഴുതകള്‍ക്ക് ഇത് തന്നെ വേണം.  ഏജന്റുമാര്‍ തവണകൂലിക്ക്  ആളെ നിര്‍ത്തി ടിക്കറ്റ്‌ എടുക്കുന്നതും അസ്തമ പിടിച്ച സെര്‍വര്‍ എട്ടു മുതല്‍ അരമണിക്കൂര്‍ നേരത്തേക്ക്  ചക്രശ്വാസം വലിക്കുന്നതും  അടിയന്‍ അറിയുന്നു പ്രഭോ. അതിനിടെ പണ്ട് മുയല് ചത്തപോലെ  വീണു കിട്ടുന്ന ഓണ്‍ലൈന്‍ ടിക്കെറ്റുകളാണ്  ആകെയുള്ളൊരു ആശ്വാസം. 

ക്യൂ നിന്ന് ടിക്കറ്റ്‌ എടുക്കണേല്‍ തലേനാള്‍ രാത്രി 12 മണി മുതല്‍ റെയില്‍വേ സ്റ്റേഷനിലെ കൊതുകടി കൊള്ളണം; ഭാഗ്യം ഉണ്ടേല്‍ മഴയോ തണുപ്പോ കൂടെ തരാക്കാം.  ഏഴരയോടെ ഗോപുരവാതില്‍ തുറക്കും, പിന്നെ ദര്‍ശനപുണ്യത്തിനായുള്ള നെട്ടോട്ടമാണ്. ഓരോ തിരു നടയ്ക്കു മുന്നിലും കയ്യാല പുറത്തെ തേങ്ങയുടെ മനസുമായി ഊഴം കത്ത് നില്‍പ്പു.  ക്യൂ നില്‍ക്കുമ്പോള്‍ കിട്ടുന്ന അപേക്ഷ ഫോറത്തില്‍ പേരും, നാളും , വിലാസവുമൊക്കെ എഴുതി വരുമ്പോഴെക്കു ആവും ആ ശകടത്തിലെ ടിക്കറ്റ്‌ തീര്‍ന്നു എന്ന് എംബ്രാന്തിരി ഉണര്‍ത്തിക്കുന്നത്. 

ചിലപ്പോള്‍ ക്യൂവില്‍ ചുറുചുറുക്കുള്ള എഴുപതു കഴിഞ്ഞ  ചെറുപ്പക്കാര്‍ കാണും. അങ്ങ് ഡല്‍ഹിയിലോ , പാറ്റ്നായിലോ ഉള്ള മക്കളെയും ചെറുമക്കളെയും കാണുകയാവും ഉദ്ദേശം (3 മാസം കഴിഞ്ഞുള്ള ടിക്കെറ്റിനാണ് ഈ കാത്തു നില്പ്പെന്നു ഓര്‍ക്കണം)  ട്രെയിനിന്റെ പേരും നമ്പരും സ്ലീപെര്‍ മുതല്‍ ഫസ്റ്റ് എസി വരെയുള്ള എല്ലാ കംമ്പാര്‍ട്ടു മെന്റിന്റെയും  ടിക്കറ്റ്‌ ലഭ്യതയും വിലനിലവാരവും അറിഞ്ഞശേഷമേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യൂ. പിന്നെ പണമിടപാട്- എന്നെത്തെയും പോലൊരു ചടങ്ങ് തന്നെയാവും. 

ഇത് സംഭവം പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്ന പച്ചില അല്ല; സമയം ഇങ്ങനെ പോയാല്‍ ടിക്കറ്റ്‌ വേറെ ആണ്‍പിള്ളേരു  കൊണ്ട് പോകും.

പൂങ്കാവന നഗരിയിലേക്കുള്ള  ശകടത്തിനു എന്നും തിരക്കാണ്; ചൂടുള്ള ഉഴുന്ന് വട  പോലെ നിമിഷങ്ങള്‍ക്കകം കാലി! അങ്ങനെ ഉള്ളപ്പോള്‍ 9 മണി കഴിഞ്ഞു  മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ല ഒന്ന് - ടിക്കെറ്റു

അണ്ണന് ജയ് വിളിച്ചു  രാഷ്ട്രീയക്കാരെ വിറപ്പിച്ച യുവ കേസരികള്‍ വായിച്ചറിയാന്‍ - വാടകയ്ക്ക് ആളെ എടുത്തു മിതമായനിരക്കില്‍ നമ്മുടെ കഴുത്തറത്തു ടിക്കറ്റ്‌ തരുന്ന ഏജന്റുമാര്‍ക്ക് പലപ്പോഴും നമ്മളെ പോലെ തന്നെ കനത്തില്‍ ഒരു സംഖ്യയാവും വെയ്റ്റിംഗ് ലിസ്റ്റില്‍ കിട്ടുക. നമ്മളത് വാങ്ങി RAC എങ്കിലും ആവാന്‍ പ്രാര്‍ഥിച്ചു പോരുമ്പോള്‍ ഏജന്റുമാര്‍ ഒരു പൂഴികടകന്‍ കളിക്കും. ആളൊന്നിനു ചെറിയൊരു കാണിക്ക റയില്‍വേ ഏമാന്മാര്‍ക്ക് സമര്‍പ്പിച്ച ശേഷം സ്ഥിരപ്പെടുത്തിയ ടിക്കെറ്റുമായി അവര്‍ പോകും. 
ഹാവൂ അപ്പൊ ആ വഴിക്ക് കാര്യം നടക്കും!!  

രത്നചുരുക്കം ഇങ്ങനെ - കൈകൂലി  കൊടുത്തു നമ്മള്‍ ടിക്കറ്റ്‌ വാങ്ങുന്നു. അണ്ണന്‍ ഇതൊക്കെ അറിയുന്നോ ആവോ?!


ശ് .... ആദ്യം സ്വന്തം കാര്യം , പിന്നെ അണ്ണന്‍ . ഹല്ലാ പിന്നെ ...             

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പിറന്നാള്‍ - ചില നാടന്‍ ആചാരങ്ങള്‍


പിറന്നാള്‍ ആഘോഷിക്കുന്നത് മലയാളപഞ്ചാംഗം പ്രകാരം ജനിച്ച നാള്‍ വരുന്ന ദിവസമാണ്. എല്ലാ മാസവും വരുന്ന ഈ നാള്‍ പക്കപിറന്നാള്‍ എന്നറിയപെടുന്നു. ജനിച്ച മാസവും നാളും ഒത്തുവരുമ്പോള്‍ അത് പിറന്നാള്‍ ആയി ആഘോഷിക്കുന്നു. ചിലയവസരങ്ങളില്‍ ഒരു നാള്‍ രണ്ടു പ്രാവശ്യം ഒരു മാസത്തില്‍ വന്നേക്കാം, അങ്ങനെ വരുമ്പോള്‍ രണ്ടാമത് വരുന്ന ദിവസമാണ് പിറന്നാള്‍ ആയി ആഘോഷിക്കുക. രണ്ടാമത്തെത് സംക്രമദിവസം  ആണെങ്കില്‍ ആദ്യത്തെത് ആയിരിക്കും പിറന്നാള്‍ ആയി ആഘോഷിക്കുക. സൂര്യോദയത്തിനു ശേഷം 6 1/4  നാഴിക ജന്മ നക്ഷത്രം ഉണ്ടെങ്കിലെ പിറന്നാളിന് ആ ദിവസം പരിഗണിക്കുകയുള്ളൂ അല്ലെങ്കില്‍ അതിനു തലേദിവസം ആവണം പിറന്നാള്‍  ആഘോഷിക്കേണ്ടത്. 


രാവിലേ കുളിച്ചു (എണ്ണ ഉപയോഗിക്കരുത്) പുതുവസ്ത്രം ധരിച്ചു  ക്ഷേത്രദര്‍ശനം നടത്തണം, ആയുരാരോഗ്യത്തിനു പ്രത്യേക പൂജ/വഴിപാടു കഴിക്കണം.  ഉച്ചയ്ക്ക് പിറന്നാളുകാരന്റെ   ഇഷ്ടവിഭവങ്ങളുമായി പായസം കൂട്ടി സദ്യ. ആദ്യം ഗണപതിക്ക്‌, ശേഷം പിറന്നാളുകാരന് പിന്നെ മറ്റുള്ളവര്‍ക്ക് എണ്ണ ക്രമത്തിലാണ് ഭക്ഷണം വിളമ്പുക.  പിറന്നാളുകാരന്‍ കഴിക്കുമ്പോള്‍ വിഭവങ്ങള്‍ ഒന്നും "വേണ്ട" എന്ന് പറയരുത്. അതുപോലെ എന്ത് വേണമെന്ന് അവശ്യപെട്ടാലും മറ്റുള്ളവര്‍ അത് സാധിച്ചു  കൊടുക്കണം എന്നു പറയപ്പെടുന്നു. 
  

ഊണു കഴിഞ്ഞു പിറന്നാളുകാരന്‍ ഭക്ഷണം കഴിച്ച ഇല കീറാതെയും, കാക്കയും പൂച്ചയും എടുക്കാത്ത വിധത്തില്‍ പറമ്പില്‍ എവിടെയെങ്കിലും വെയ്ക്കുന്നു. 
പിറന്നാളുകാരന് സമ്മാനം നല്‍കുന്നതും ഒരാചാരമാണ്. 

ഇത് എന്റെ ചെറിയ അറിവിലുള്ള ചില കാര്യങ്ങള്‍ ആണ്. ഇത് പോലെ പലതും നിങ്ങള്‍ക്കും അറിയാമായിരിക്കും, അതും ഇവിടെ പങ്കുവെയ്ക്കുക്ക.