2011, ജൂലൈ 23, ശനിയാഴ്‌ച

എന്റെ സ്വപ്നനഗരി - കൊച്ചി

മറ്റെല്ലാവരെയും പോലെ എനിക്കുമുണ്ട് ഒരുപാട് സ്വപ്‌നങ്ങള്‍. ഒരു സാമൂഹിക സംഘടന തുടങ്ങി, അതിലൂടെ എന്റെ പല സ്വപ്നങ്ങള്‍ക്കും നിറം പകരമെന്നു ഞാന്‍ ആശിച്ചു. പക്ഷെ എന്റെ ചുറ്റിലുമുള്ള ലോകം- പണത്തിനു പിറകെ മാത്രം പായുകയാണെന്നു മനസിലാക്കുമ്പോള്‍, എന്തോ, സമാന ചിന്താഗതിക്കാരായ കുറച്ചു കൂട്ടുകാര്‍ ഉണ്ടാകുന്നതു വരെ കാത്തിരിക്കണം എന്ന് തോന്നുന്നു. 

അതു പോലെ തന്നെ എന്റെ ചുറ്റുപാടിലും വന്നു കാണാന്‍ ആഗ്രഹിക്കുന്ന ചില മാറ്റങ്ങളെ ഞാന്‍ താഴെ കുറിക്കുന്നു. അവ നടപ്പിലാക്കാന്‍ കെല്‍പ്പുള്ള ആരെങ്കിലും കാണാന്‍ ഇടയായാല്‍, അവ നടപ്പായാല്‍, നമുക്ക് നല്ലൊരു പരിസ്ഥിതി ലഭിക്കും.
  • തിരക്കേറിയ റോഡുകളില്‍, റോഡു മുറിച്ചു കടക്കാന്‍ "walkway" [റോഡിനു മുകളിലൂടെ ഉള്ള നടപ്പാത] നിര്‍മ്മിക്കുക. പടികള്‍ കയറാന്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളവരെ മാത്രം താഴെ കൂടെ റോഡ്‌ മുറിച്ചു കടക്കാന്‍ അനുവദിക്കുക.
  • മെട്രോ/റെയില്‍വേ/ബസ്‌ സ്റ്റേഷനുകളിലും , മറ്റു തിരക്കേറിയ പ്രദേശങ്ങളിലും പാര്‍ക്കിംഗിനായി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുക. കുറച്ചു വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സാധിക്കും.
  • നഗരത്തിലൂടെ കൂടുതല്‍ നല്ല ബസുകള്‍ അനുവദിക്കുക. സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാന്‍ ഇത് സഹായിക്കും
  • നഗരത്തിനു ഉള്ളിലുള്ള സ്ഥാപനങ്ങളിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളെ മാത്രം കടത്തി വിടുക. ദീര്‍ഘദൂരയാത്രക്കാര്‍ക്കായി മറ്റൊരു റൂട്ട്, അല്ലെങ്കില്‍ "flyover" പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ നിര്‍മിക്കുക
  • ട്രാഫിക്‌ നിയമലംഘനത്തിനു കനത്ത പിഴ ഈടാക്കുക. നഗരത്തിനുള്ളില്‍ നിരീക്ഷണത്തിനായി ക്യാമറകള്‍ ഘടിപ്പിക്കുക. 
  • കൂടുതല്‍ ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കുക       
  • റോഡുകളില്‍ ചപ്പുചവറുകള്‍ ഇടുക, തുപ്പുക തുടങ്ങിയ പ്രവത്തികളില്‍ ഏര്‍പെടുന്നവര്‍ക്ക് കനത്ത പിഴയടിക്കുക
  • കൂടുതല്‍ പൊതു ശൌചാലയങ്ങള്‍ നിര്‍മിക്കുക
  • റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക,  അറ്റകുറ്റ പണികള്‍ കഴിവതും രാത്രി നടപ്പാക്കുക. സമയാസമയങ്ങളില്‍ അറ്റകുറ്റപണികള്‍  നടത്തുക.
  • ഫോര്‍ട്ട്‌കൊച്ചി/ചെറായി കടപ്പുറങ്ങള്‍ വൃത്തിയായി സംരക്ഷിക്കുക
  • വൈപ്പിൻ - ഫോർട്ട്‌കൊച്ചി റൂട്ടിൽ കുറച്ചു കൂടെ വലിയ ജങ്കാർ / റോ -റോ  സംവിധാനം നടപ്പാക്കുക. എറണാകുളത്തേക്കും മറ്റു വടക്ക് ഭാഗങ്ങളിലേക്കും  എറണാകുളവും  തിരക്കുള്ള ഇടപ്പള്ളിയും ഒഴിവാക്കി യാത്ര ചെയ്യാൻ സാധിക്കും. ഇന്ധന ചിലവും മലിനീകരണവും കുറയും.

  • ജലഗതാഗതം വികസിപ്പിക്കണം.  കൂടുതൽ കരുത്തും നിലവാരവുമുള്ള  ഒരുപാട് ബോട്ടുകൾ വേണം.  വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചിക്ക്‌ അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ ആകണം. 
  • കുണ്ടന്നൂര്‍-ബൈപാസ്റോഡിലൂടെ കൂടുതല്‍ ബസ്സുകള്‍ അനുവദിക്കുക. ദീര്‍ഘദൂര ബസ്സുകള്‍ നഗരത്തില്‍ പ്രവേശിക്കാതെ ഈ വഴി തിരിച്ചു വിടുക.
  • ജനസംഖ്യ കൂടുന്നതിന് ആനുപാതികമായി infrastructure വികസിക്കണം. അത് വികേന്ദ്രീകൃതം ആയിരിക്കണം. സാധനങ്ങൾ വാങ്ങാനും , സിനിമ കാണാനുമൊക്കെയായി ജനങ്ങൾ നഗരഹൃദയത്തിലേക്ക് വരുന്ന പ്രവണത മാറണം.
  • ഫോർട്ട്‌കൊച്ചി - ചേർത്തല തീരദേശ റോഡ്‌ കേന്ദ്രീകരിച്ചു കൂടുതൽ വികസനം.  ഇപ്പോഴവിടെ വീതി കുറഞ്ഞ നല്ല റോഡ്‌ ഉണ്ട്. റോഡിനു വീതി കൂട്ടുക,  വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചു കടൽക്കര കേന്ദ്രീകരിച്ചു മുക്കുവരുടെ സഹകരണത്തോടെ കടൽ തീം ആയി ഹോട്ടലുകൾ തുടങ്ങുക.  തെക്കൻ കേരളത്തിലേക്ക് സഞ്ചരിക്കാൻ ഒരു നല്ല പകരക്കാരനുമാവും.
  • കേന്ദ്രീകൃത മഴവെള്ളസംഭരണികള്‍ നിര്‍മിക്കുക [സ്ഥല പരിമിതിയും, വെള്ളകെട്ടും കൊണ്ട് വലയുന്ന ജനങ്ങളോട് സ്വതന്ത്ര സംഭരണികള്‍ നിര്‍മിക്കാന്‍ പറയുന്നത് പ്രായോഗികമല്ല]
  • സമുദ്രജലത്തില്‍ നിന്നും കുടിവെള്ളം നിര്‍മിക്കുന്ന  സംസ്കരണ പ്ലാന്റ് നിര്‍മിക്കുക
  • മാലിന്യസംസ്കരണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കുക. കൂടതല്‍ പ്ലാന്റുകള്‍ നിര്‍മിക്കുക.
  • കൂടുതല്‍ പാര്‍ക്ക്,കളിസ്ഥലങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ നിര്‍മിക്കുക 
  • വായനാശാലകള്‍ കാലാനുസ്രിതമായി നവീകരിക്കുക
  • ഗവണ്മെന്റ് ആശുപത്രികളിലെ സൌകര്യങ്ങള്‍ മെച്ചപെടുത്തുക.
  • കലയ്ക്കും കലാകാരന്മാര്‍ക്കുമായി "ജനറല്‍ പര്‍പസ് തിയേറ്റര്‍" നിര്‍മിക്കുക

2011, ജൂലൈ 17, ഞായറാഴ്‌ച

രാജ്യദ്രോഹികള്‍


 ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ വന്നു കൊണ്ടേ ഇരിക്കുന്നു.അവിടെയുള്ള സ്വത്ത്-വകകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്; പക്ഷേ ആ വിവരങ്ങള്‍ വള്ളി പുള്ളി വിടാതെ പത്രങ്ങള്‍ക്ക് കൊടുക്കുന്നത് എന്തിനാണ്?അവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉപകരങ്ങളുടെ വിവരങ്ങള്‍ പത്രങ്ങളില്‍ വന്നാല്‍ കേവലം 4 രൂപയ്ക്ക് ഏതൊരു ആക്രമിക്കും പദ്ധതികള്‍ തയ്യാറാക്കാം.
 
 
ചില പത്രക്കാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക മത്രമല്ല ചെയ്യുന്നത് - അമ്പലത്തിന്റെ രൂപരേഖ (ചിത്രകാരന്റെ ഭാവനയില്‍)തയ്യാറാക്കി അതില്‍ ക്യാമറയും മറ്റു ഉപകരണങ്ങളും എവിടെയൊക്കെ ആണ്  സ്ഥാപിച്ചിട്ടുള്ളതെന്ന്  അടയാളപെടുത്തി (ഭാവന ... ഭാവന) അങ്ങ് പ്രസിദ്ധീകരിക്കും.  ഇവര്‍ക്ക് എന്തിന്റെ കേടാ ?! ഞാന്‍ ഇവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നു.

ഒരു കാരണവശാലും അവിടുത്തെ വിവരങ്ങള്‍ ആര്‍ക്കും കൊടുക്കരുതെന്നും, വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ പോലും ഇവയെ ഉള്‍പെടുത്തരുതെന്നുമാണ്‌  എന്റെ അഭിപ്രായം. അങ്ങനെ ചെയ്യുന്നത് കൊണ്ട് പലതുണ്ട് ഗുണം. അവിടത്തെ  വിവരങ്ങള്‍ അവിടെ ചെന്നാലല്ലാതെ ലഭിക്കില്ല.മറ്റൊന്ന് അവിടെ ചെന്ന് പരിശോധിക്കുമ്പോള്‍ ഒന്നും കണ്ടില്ലെങ്കില്‍ കൂടി (യഥാര്‍ത്ഥത്തില്‍ സുരക്ഷ ഒന്നും ഇല്ലെങ്കില്‍ കൂടി) എവിടെയെങ്കിലും ഉപകരണങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കും എന്നാ തോന്നല്‍ ഉണ്ടാകും.അജ്ഞാതമായ ഒരു പ്രദേശത്തേക്ക്  കൊള്ള നടത്താന്‍ ചെല്ലാന്‍ ആരും ധൈര്യപ്പെടില്ല.

ഇതിനെ രാജ്യത്തിന്റെ പൂര്‍വിക സ്വത്തായി   കണക്കാക്കണമെന്നും , ചെലവാക്കാതെ, അത്യന്തം ശ്രദ്ധയോട് കൂടി പരിരക്ഷിക്കണമെന്നും ആണ്  എന്റെ അഭിപ്രായം.

എന്റെ അഭിപ്രായം ആരു ചോദിച്ചു? -  അല്ലേ!

2011, ജൂലൈ 1, വെള്ളിയാഴ്‌ച

എന്റെ രാജ്യം, ഭാരതം - മഹനീയം

"ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി : 50 ,000 കോടി ഇതുവരെ കിട്ടിയത്, അത് ഇനിയും കൂടിയേക്കാം, കാലപഴക്കം കൂടെ കണക്കാക്കുമ്പോള്‍ വില ഇനിയും ഉയരും" ഇതു വാര്‍ത്ത.

ഇനി ഒന്ന് ആലോചിച്ചു നോക്ക് :
ഇതു തിരുവിതാംകൂര്‍ രാജാവിന്റെ മാത്രം സമ്പാദ്യം!!!
കോഴിക്കോട്  സാമൂതിരി, കൊച്ചി രാജാവ്  - ഇവരുടെ കൈവശം ഉണ്ടായിരുന്ന മുതല്‍ എത്ര?!  അത് എവിടെ പോയി ?
ഇതു പോലെ ഭാരതത്തില്‍ എത്രയെത്ര നാടുവാഴികള്‍! 
അപ്പോള്‍ 'ബ്രിട്ടീഷ്‌, ഡച്ച്, പോര്‍ച്ചുഗീസ് 'ഇവര്‍ ചേര്‍ന്ന് എത്രമാത്രം അടിച്ചു കൊണ്ട് കൊണ്ട് പോയിരിക്കും?!
മന്ത്രിമാര്‍ വക കുംഭകോണം വേറെ, അതും സഹസ്രകോടികള്‍ !!!

ഇത്രയൊക്കെ പോയിട്ടും ഈ നൂറ്റാണ്ടിലെ ലോകശക്തികളിലൊന്നു "ഭാരതം" , വളര്‍ന്നു വരുന്ന സാമ്പത്തികശക്തികളിലൊന്ന്
"ഭാരതം".

"എന്റെ രാജ്യം, ഭാരതം മഹനീയം"