2021, മാർച്ച് 25, വ്യാഴാഴ്‌ച

വകതിരിവ് : ആറാം തരം

 കിറ്റ് രാഷ്ട്രീയത്തിന്റെ കാലത്ത് പറയാൻ പറ്റിയ ഒരു ചെറുകഥ ഉണ്ട്.


പണ്ട് പണ്ട്, ഒരു 20 കൊല്ലങ്ങൾക്ക് മുന്നേ നടക്കുന്ന ഒരു ക്ലാസ്സ്‌ ഇലക്ഷൻ ആണ് രംഗം.

നമ്മുടെ മത്സരാർത്ഥിയുടെ ആദ്യത്തെ തെരഞ്ഞെടുപ്പു എന്നുള്ള പ്രത്യേകത കൂടിയുണ്ട് ഇതിന്.


ഉച്ചക്കാണ് ഇലക്ഷൻ.

ക്ലാസ്സിൽ കുറച്ചധികം active ആയിരുന്ന ഒരു കക്ഷിയാണ് ടിയാന്റെ എതിരാളി.

ടിയാന്റെ ആദ്യ തെരഞ്ഞെടുപ്പു ആയ കൊണ്ട് കാര്യങ്ങളെ കുറിച് വല്യ പിടി ഇല്ല. ചോറൊക്കെ ഉണ്ട് കഴിഞ്ഞു പാട്ടും പാടി വന്നപ്പോൾ ക്ലാസ്സിലെ പിള്ളേരുടെ കയ്യിലൊക്കെ ഒരു കെട്ടു നെയിംസ്ലിപ്.


പല വർണ്ണത്തിൽ, ചിത്രങ്ങൾ ഉള്ള, പല സൈസിൽ പിടക്കുന്ന നല്ല സ്റ്റൈലൻ നെയിം സ്ലിപ്പുകൾ. പത്താം ക്ലാസ്സ്‌ വരെ ഒട്ടിച്ചാലും തീരാത്ത അത്രയുണ്ട് ഓരോ കെട്ടിലും.


ഹൈ! കൊള്ളാലോ എനിക്ക് കിട്ടിയില്ലല്ലോ എന്ന് അശ്ചര്യപെട്ടു നിൽക്കുന്ന ടിയാനോട് ഒരു കുട്ടി വന്നു ചോദിച്ചു - "നീ തരുന്നില്ലേ നെയിം സ്ലിപ്?"


സലിം കുമാറിന്റെ അതേ ഭാവം ഉൾക്കൊണ്ട്‌ കൊണ്ട് ടിയാൻ തിരിച്ച്‌ ചോദിച്ചു - "എന്തിന്? "


"നിനക്കു വോട്ട് ചെയ്യാൻ!!!"

ഇതൊന്നും അറിയാതെയാണോ ഇലക്ഷനു നില്കുന്നെ എന്നുള്ള പുച്ഛഭാവം കാണമായിരുന്നു മുഖത്ത്.


എന്തായാലും അധികം ആലോചിക്കാൻ സമയം ഒന്നുമുണ്ടായില്ല, ടിയാന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായി.

" നെയിം-സ്ലിപ് കൊടുത്ത് കിട്ടുന്ന വോട്ട് എനിക്ക് വേണ്ട ". ഒരു PC ജോർജ് ലൈൻ. (ഉള്ളിലെ പേടി പുറത്ത് കാട്ടരുതല്ലോ)


എന്തായാലും ഇലക്ഷൻ സമംഗളം നടന്നു. ടിയാൻ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. എതിരാളിക്ക് കിട്ടിയത് 3 വോട്ട്. അവന്റെ ഇടതും വലതും ഇരിക്കുന്ന 2 + ലവന്റെ സ്വന്തം വോട്ട്.


ഈ കഥയിലെ നായകൻ സ്വഭാവികമായും ടിയാൻ അല്ല. ആ കുട്ടികൾ ആണ്. കാശ് കൊടുത്ത് നെയിംസ്ലിപ് വാങ്ങുന്ന സമയത്ത് ഒരു കെട്ട് ഫ്രീ ആയി കിട്ടിയിട്ടും (എന്തിന്റെ പേരിലായാലും) അത് തന്നവന് വോട്ട് കൊടുക്കാതെ ഇരുന്ന ആ പിള്ളേരുടെ നിലവാരം പോലും ഇപ്പോഴത്തെ പല വോട്ടർമാർക്കും ഇല്ല എന്നുള്ളത് ലജ്ജാവഹമാണ്.


പറഞ്ഞു വന്നത് - വോട്ട് ചെയ്യാൻ പോകുമ്പോൾ ആ ആറാം ക്ലാസ്സ്‌ പിള്ളേരുടെ വക തിരിവെങ്കിലും കാണിക്കണം നിങ്ങൾ. 


2021, ജനുവരി 20, ബുധനാഴ്‌ച

അടുക്കള വിശേഷം :

 


 ഇതൊരു സിനിമ നിരൂപണം അല്ല , കാരണം ഞാൻ സിനിമ കണ്ടിട്ടില്ല. 
 
സിനിമ കണ്ടിട്ട് ഓരോരുത്തർ അവർക്ക് തോന്നിയ കാര്യങ്ങൾ എഴുതുകയും അതൊരു ചർച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ , ദിതാണ് ആണ് അല്ലെങ്കിൽ ദിങ്ങനെയാണ് പെണ്ണ് എന്നിങ്ങനെയുള്ള അർത്ഥശൂന്യമായ സംവാദങ്ങൾ ഉണ്ടാവുന്നകാരണം രണ്ടു മൂന്ന് കാര്യങ്ങൾ പറയാമെന്നു കരുതി, ചുമ്മാ ഒരു രസം. 
 
ഒന്നാമത് : ആണിനും പെണ്ണിനും അവരുടെ പ്രവർത്തികളുടെ പേരിൽ ഒരു നിർവചനം നൽകാൻ സാധ്യമല്ല. 
സമൂഹത്തിൽ നമ്മൾ കാണുന്ന പല കാര്യങ്ങളും സ്ത്രീപുരുഷ വ്യത്യാസമെന്യേ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. പക്ഷെ സ്ത്രീക്ക് മാത്രം ചെയ്യാൻ പറ്റുന്ന ചിലതുണ്ട് , അത് പോലെ തന്നെയാണ് പുരുഷന്റെ കാര്യത്തിലും. അത് കൊണ്ട് 100% സ്ത്രീ പുരുഷ സമത്വം (this concept is altogether different- it's more of treating them equally, like same pay for similarly performing male and female) എന്നുള്ളത് അപ്രായോഗികമാണ്(in this context). ആകെ പ്രശ്നങ്ങളിൽ ഒരു 10-15 ശതമാനം മാത്രം വരുന്ന കാര്യങ്ങളാണിവ. ബാക്കിയുള്ള 85 പരിഹരിച്ചിട്ട് ഇതിലേക്ക് തിരിച്ചു വരാം. 
 
രണ്ടാമത് : അടുക്കള ജോലിയും പുറം ലോകവുമായുള്ള ബന്ധവും:
എന്റെ തലമുറയിൽപ്പെട്ട ആരും തന്നെ അടുക്കളയിൽ മാത്രം ഒതുങ്ങി കൂടുന്നില്ല. Whatsapp/FB/ഓൺലൈൻ പത്രങ്ങൾ/ യൂട്യൂബ് ചാനലുകൾ വഴി ലോകത്ത് നടക്കുന്ന കാര്യങ്ങൾ അവരറിയുന്നുണ്ട് (TV മനപ്പൂർവം ഒഴിവാക്കിയതാണ്) അവരുടെ കാര്യങ്ങൾ ലോകത്തെ അറിയിക്കുന്നുമുണ്ട്; പക്ഷെ അതിനു മുന്നുള്ള തലമുറക്ക് കാര്യങ്ങൾ വ്യത്യസ്തമാണ് . അക്കാലത്തെ സാഹചര്യങ്ങൾ അനുസരിച്ചാണ് ഓരോ ജോലിയും ആരു ചെയ്യണം എന്നുള്ള തീരുമാനം ആയത് . അത് കണ്ടു വളർന്ന തലമുറക്ക് , പ്രത്യേകിച്ച് വയസ്സന്മാർക്ക് (മനസ്സ് കൊണ്ടും) മാറാൻ പ്രയാസം ഉണ്ടാകും. ഇത് വായിച്ചു ഇളിക്കേണ്ട , നീയും ഞാനും ആ പ്രായം എത്തുമ്പോൾ നമ്മളെ കുറിച്ചും പുതിയ പിള്ളേർ ഇത് തന്നെ പറയും - ഒരു പഴുത്തില-പച്ചില ലൈൻ. 
 
മൂന്നാമത് : യഥാർത്ഥത്തിൽ പണി എടുക്കുന്ന ആളുകളെ ഒതുക്കുന്ന പ്രവണത
എന്റെ പൊന്നെ, ഇത് എല്ലായിടത്തും ഉള്ള കാര്യമാണ്. (പണിയുടുക്കുന്നവരെ അറിഞ്ഞോ അറിയാതെയോ പരമാവധി മുതലാക്കുക, ഉപദ്രവിക്കുക) സംശയം ഉണ്ടെങ്കിൽ AC റൂമിൽ ഇരുന്ന് മേലങ്ങാതെ "പണി എടുക്കുന്ന" IT ജീവനക്കാരോട് ചോദിച്ചു നോക്ക്. പണിയെടുക്കാൻ അടിമയെ പോലെ അവരും, കയ്യടിയും പൂമാലയും വേറെ പലർക്കും പോകുന്നത് സ്ഥിരം കാഴ്ചയാണ്. എന്തിനു, ശമ്പളത്തിൽ വരെ ഇമ്മാതിരി തോന്ന്യാസം ഉണ്ട്. ഇത് തിരിച്ചറിഞ്ഞു correct ചെയ്യാൻ വിവരമുള്ള management ഇല്ലാത്തതാണ് കാരണം, അഥവാ ഉണ്ടെങ്കിൽ അവർക്കതിന് താല്പര്യവുമില്ല. 100 % ഇങ്ങനെയാണ് എന്നല്ല, അങ്ങിനെ അല്ലാത്ത കമ്പനികൾ ഉണ്ട്, അവർ നന്നായി വളരുന്നുമുണ്ട് . അതിന്റെ ഒരു അടുക്കള പതിപ്പാവണം ഈ പറഞ്ഞ സിനിമ. അതിൽ സ്ത്രീ, ആചാരം , നവോദ്ധാനം എന്നിവ പുട്ടിനു പീര ഇടുന്ന പോലെ ഇട്ടത് കൊണ്ട് കാര്യം മാറുന്നില്ല. 
 
നാലാമത് : മാറേണ്ട പ്രവണതകൾ: 
വീട്ടിൽ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും മാറ്റേണ്ടതായിട്ടുണ്ടാവും, അത് ആണ് ചെയ്തതാണെങ്കിലും പെണ്ണ് ചെയ്യുന്നതാണെങ്കിലും. ഇത് കണ്ടു പിടിയ്ക്കാൻ എളുപ്പമാണ് - മറ്റൊരാളോട് നമ്മൾ ചെയ്യാൻ പറയുന്ന കാര്യം നമ്മൾ സ്വയം ചെയ്യുമോ എന്നാലോചിക്കുക. നമുക്കൊരു വിമ്മിഷ്ടമോ , മടിയോ അറപ്പോ തോന്നിയാൽ, അതീഗണത്തിൽപെടുത്താവുന്നതാണ്. അവരും നമ്മളെ പോലെ ഒരു ജീവിയാണെന്ന് ബോധ്യം ഉണ്ടായാൽ സാധാരണ മനുഷ്യർ അത് മാറ്റും. ചിലരങ്ങനെ ഇതുവരെ ചിന്തിച്ചിട്ട് ഉണ്ടാകില്ല, ഇത് വായിക്കുന്നവർ ഒന്നാലോചിച്ചു നോക്കൂ. 
 
അഞ്ചാമത് : സ്വപ്‌നങ്ങൾ ഉള്ളവരെ കൂട്ടിൽ അടക്കുന്നത്: 
ഇതൊരു പൊതു തെറ്റ് ആണ്. അടുക്കളയിലെ സ്ത്രീയുടെ കാര്യത്തിൽ മാത്രമല്ല പലതിലും ഇത് പ്രസക്തമാണ്. സ്വന്തമായി സ്വപ്‌നങ്ങൾ ഉള്ളവരെ, അതിനു വേണ്ടി പരിശ്രമിക്കുന്നവരെ അതിൽ നിന്ന് തടയുന്നത് എന്തിന്റെ പേരിലായാലും ദുഷ്ടത്തരമാണ്. നൃത്തം, പാട്ടു, എഴുത്ത്, സ്വന്തം ജോലി/സ്ഥാപനം അങ്ങിനെ പലതും സ്വപ്നങ്ങളിൽ പെടും. അതിപ്പോ ആണായാലും പെണ്ണായാലും ഇപ്പൊ ഉള്ള സൗകര്യത്തിൽ അങ്ങ് പോയാൽ മതി എന്ന് പറയുന്നതിനെ പറ്റിയാണ്. (ഈ പറഞ്ഞ സ്വപ്നപദ്ധതിയിൽ നിന്ന് ഉണ്ടാക്കാവുന്നതിനെ പതിന്മടങ്ങു ഇപ്പോഴേ ശമ്പളമായി കിട്ടുന്നവർ ഉണ്ടാകും) - പണത്തിനു അപ്പുറം ഒരു മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിലതുണ്ട് , അതിനെ അംഗീകരിക്കാൻ പഠിക്കുക, പറ്റുമെങ്കിൽ പ്രോത്സാഹിപ്പിക്കുക. 
 
ആറാമത് : വീട്ടു പണിയെടുത്ത് മാത്രം ജീവിക്കുന്ന പുരുഷൻ: 
ഇത് ചില ആക്ടിവിസ്റ്റുകളുടെയെങ്കിലും സ്വപ്നമാണ്. വീട്ടു പണി ചെയ്തു കഴിയുന്ന സ്ത്രീയെ പോലെ പുരുഷനും. homemaker - male . നിങ്ങൾ കണ്ട ലോകം ചെറുതാണെന്നേ പറയാനാകൂ . ഇങ്ങനെയുള്ള കൂട്ടർ ഒരുപാട് ഇപ്പൊ തന്നെ ഉണ്ട്. നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലെങ്കിൽ അതിനുള്ള അവസരം നിങ്ങൾ ഉണ്ടാക്കുക. ഇപ്പോൾ അതിനു പറ്റിയ സമയവുമാണ്. തമാശയല്ല. അവിവാഹിതരായ വിദ്യാഭ്യാസം കുറവുള്ള ഒരുപാടു ചെറുപ്പക്കാർ ഉണ്ട് - വിവാഹം വൈകുന്നതിന്റെ പ്രധാന കാരണം , പെൺകുട്ടികൾ പലരും ഡിഗ്രി-മാസ്റ്റേഴ്സ് ഉള്ളവരാണ്,അവർക്ക് നല്ല ജോലി - വിദ്യാഭ്യാസം ഉള്ളവരെയാണ് വേണ്ടത്. ഈ പറഞ്ഞവരിൽ ചിലർ പഠിക്കാൻ കഴിവില്ലാത്ത കൊണ്ടും മറ്റു ചിലർ ജീവിത സാഹചര്യം കൊണ്ടും ഈ അവസ്ഥയിൽ ആയതാണ്. നിങ്ങളുടെ കുടുംബത്തിലുള്ള അവിവാഹിതരായ പെൺകുട്ടികളോട് ഇവരെ വിവാഹം കഴിക്കാൻ പറയൂ . വീട്ടു പണി അവര് ചെയ്യട്ടെ. മാറ്റം നിങ്ങളിൽ നിന്ന് തന്നെ ആവട്ടെ. 
 

FB അഭിപ്രായങ്ങൾ :  
ഒരാളുടെ വിവരം , ലോകപരിചയം , അനുഭവങ്ങൾ, ചുറ്റുമുള്ള ആളുകൾ, അവരിലേക്കെത്തുന്ന വാർത്തകൾ, അത് അവരുടെ ബുദ്ധി മനസ്സിലാക്കുന്ന വിധം ഇതൊക്കെയാണ് പ്രധാനമായും അയാളുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുക. ഒരേ ക്ലാസ്സിൽ, ഒരേ ടീച്ചർ പഠിപ്പിച്ച ഒരേ സിലബസ് പഠിച്ച ഓരോ കുട്ടിക്കും ഓരോ മാർക്കല്ലേ ? അവരുടെ രീതിയിൽ അവർ ഉത്തര പേപ്പറിൽ എഴുതുന്ന കൊണ്ടാണ്. അത് പോലെ തന്നെയാണ് FB അഭിപ്രായങ്ങളും. ചിലത് ശരിയാകും. ചിലത് തെറ്റും. നിങ്ങളുടെ തെറ്റ് മറ്റൊരാൾക്ക് ശരിയാകും. ഇതിനെ ബൈനറി or ബ്ലാക്ക്-വൈറ്റ് ആയി കാണാൻ സാധിക്കില്ല. പലതും വായിക്കുമ്പോൾ - ഇങ്ങിനെയും ഒരു അഭിപ്രായം ഉണ്ട് എന്ന് മാത്രം മനസിലാക്കുക. അതിനെ ജഡ്ജ് ചെയ്യാതെ ഇരിക്കുക, കുറച്ച് ആശ്വാസം കിട്ടിയേക്കാം. 
 


പ്രതികരണം പുതിയവഴിയിൽ: 
പല രീതിയിൽ അഭിപ്രായങ്ങളോട് പ്രതികരിക്കാം , ഞാൻ ഒരു വഴി പറയാം. 
 
ഒരാൾ പറയുന്ന അഭിപ്രായത്തിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ആലോചിക്കുക. നിങ്ങൾക്ക് വേണ്ട അറിവില്ലെങ്കിൽ അതുള്ള ഒരു സുഹൃത്തിനോട് ചോദിച്ചു മനസിലാക്കാം. ശരിയാണെന്ന് തോന്നിയാൽ, നമ്മുടെ സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ പറ്റുമോന്നു എന്ന് നോക്കുക, അങ്ങിനെ ചെയ്താൽ ജീവിതം മെച്ചപ്പെടുമോ എന്നും പരിശോധിയ്ക്കുക. രണ്ടിനും ഉത്തരം "അതെ" എന്നാണെങ്കിൽ നമ്മുടെ രീതികൾ അതിനനുസരിച്ച് മാറ്റുക. ഇതിനൊന്നും നിങ്ങൾക്ക് സമയവും മനസും ഇല്ലെങ്കിൽ മേല്പറഞ്ഞ പോലെ. ഇങ്ങിനെയും ഒരു അഭിപ്രായം ഈ വിഷയത്തിൽ ഉണ്ട് എന്ന് മാത്രം മനസിൽ വെക്കുക.