അഭിപ്രായം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അഭിപ്രായം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021 ജനുവരി 20, ബുധനാഴ്‌ച

അടുക്കള വിശേഷം :

 


 ഇതൊരു സിനിമ നിരൂപണം അല്ല , കാരണം ഞാൻ സിനിമ കണ്ടിട്ടില്ല. 
 
സിനിമ കണ്ടിട്ട് ഓരോരുത്തർ അവർക്ക് തോന്നിയ കാര്യങ്ങൾ എഴുതുകയും അതൊരു ചർച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ , ദിതാണ് ആണ് അല്ലെങ്കിൽ ദിങ്ങനെയാണ് പെണ്ണ് എന്നിങ്ങനെയുള്ള അർത്ഥശൂന്യമായ സംവാദങ്ങൾ ഉണ്ടാവുന്നകാരണം രണ്ടു മൂന്ന് കാര്യങ്ങൾ പറയാമെന്നു കരുതി, ചുമ്മാ ഒരു രസം. 
 
ഒന്നാമത് : ആണിനും പെണ്ണിനും അവരുടെ പ്രവർത്തികളുടെ പേരിൽ ഒരു നിർവചനം നൽകാൻ സാധ്യമല്ല. 
സമൂഹത്തിൽ നമ്മൾ കാണുന്ന പല കാര്യങ്ങളും സ്ത്രീപുരുഷ വ്യത്യാസമെന്യേ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. പക്ഷെ സ്ത്രീക്ക് മാത്രം ചെയ്യാൻ പറ്റുന്ന ചിലതുണ്ട് , അത് പോലെ തന്നെയാണ് പുരുഷന്റെ കാര്യത്തിലും. അത് കൊണ്ട് 100% സ്ത്രീ പുരുഷ സമത്വം (this concept is altogether different- it's more of treating them equally, like same pay for similarly performing male and female) എന്നുള്ളത് അപ്രായോഗികമാണ്(in this context). ആകെ പ്രശ്നങ്ങളിൽ ഒരു 10-15 ശതമാനം മാത്രം വരുന്ന കാര്യങ്ങളാണിവ. ബാക്കിയുള്ള 85 പരിഹരിച്ചിട്ട് ഇതിലേക്ക് തിരിച്ചു വരാം. 
 
രണ്ടാമത് : അടുക്കള ജോലിയും പുറം ലോകവുമായുള്ള ബന്ധവും:
എന്റെ തലമുറയിൽപ്പെട്ട ആരും തന്നെ അടുക്കളയിൽ മാത്രം ഒതുങ്ങി കൂടുന്നില്ല. Whatsapp/FB/ഓൺലൈൻ പത്രങ്ങൾ/ യൂട്യൂബ് ചാനലുകൾ വഴി ലോകത്ത് നടക്കുന്ന കാര്യങ്ങൾ അവരറിയുന്നുണ്ട് (TV മനപ്പൂർവം ഒഴിവാക്കിയതാണ്) അവരുടെ കാര്യങ്ങൾ ലോകത്തെ അറിയിക്കുന്നുമുണ്ട്; പക്ഷെ അതിനു മുന്നുള്ള തലമുറക്ക് കാര്യങ്ങൾ വ്യത്യസ്തമാണ് . അക്കാലത്തെ സാഹചര്യങ്ങൾ അനുസരിച്ചാണ് ഓരോ ജോലിയും ആരു ചെയ്യണം എന്നുള്ള തീരുമാനം ആയത് . അത് കണ്ടു വളർന്ന തലമുറക്ക് , പ്രത്യേകിച്ച് വയസ്സന്മാർക്ക് (മനസ്സ് കൊണ്ടും) മാറാൻ പ്രയാസം ഉണ്ടാകും. ഇത് വായിച്ചു ഇളിക്കേണ്ട , നീയും ഞാനും ആ പ്രായം എത്തുമ്പോൾ നമ്മളെ കുറിച്ചും പുതിയ പിള്ളേർ ഇത് തന്നെ പറയും - ഒരു പഴുത്തില-പച്ചില ലൈൻ. 
 
മൂന്നാമത് : യഥാർത്ഥത്തിൽ പണി എടുക്കുന്ന ആളുകളെ ഒതുക്കുന്ന പ്രവണത
എന്റെ പൊന്നെ, ഇത് എല്ലായിടത്തും ഉള്ള കാര്യമാണ്. (പണിയുടുക്കുന്നവരെ അറിഞ്ഞോ അറിയാതെയോ പരമാവധി മുതലാക്കുക, ഉപദ്രവിക്കുക) സംശയം ഉണ്ടെങ്കിൽ AC റൂമിൽ ഇരുന്ന് മേലങ്ങാതെ "പണി എടുക്കുന്ന" IT ജീവനക്കാരോട് ചോദിച്ചു നോക്ക്. പണിയെടുക്കാൻ അടിമയെ പോലെ അവരും, കയ്യടിയും പൂമാലയും വേറെ പലർക്കും പോകുന്നത് സ്ഥിരം കാഴ്ചയാണ്. എന്തിനു, ശമ്പളത്തിൽ വരെ ഇമ്മാതിരി തോന്ന്യാസം ഉണ്ട്. ഇത് തിരിച്ചറിഞ്ഞു correct ചെയ്യാൻ വിവരമുള്ള management ഇല്ലാത്തതാണ് കാരണം, അഥവാ ഉണ്ടെങ്കിൽ അവർക്കതിന് താല്പര്യവുമില്ല. 100 % ഇങ്ങനെയാണ് എന്നല്ല, അങ്ങിനെ അല്ലാത്ത കമ്പനികൾ ഉണ്ട്, അവർ നന്നായി വളരുന്നുമുണ്ട് . അതിന്റെ ഒരു അടുക്കള പതിപ്പാവണം ഈ പറഞ്ഞ സിനിമ. അതിൽ സ്ത്രീ, ആചാരം , നവോദ്ധാനം എന്നിവ പുട്ടിനു പീര ഇടുന്ന പോലെ ഇട്ടത് കൊണ്ട് കാര്യം മാറുന്നില്ല. 
 
നാലാമത് : മാറേണ്ട പ്രവണതകൾ: 
വീട്ടിൽ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും മാറ്റേണ്ടതായിട്ടുണ്ടാവും, അത് ആണ് ചെയ്തതാണെങ്കിലും പെണ്ണ് ചെയ്യുന്നതാണെങ്കിലും. ഇത് കണ്ടു പിടിയ്ക്കാൻ എളുപ്പമാണ് - മറ്റൊരാളോട് നമ്മൾ ചെയ്യാൻ പറയുന്ന കാര്യം നമ്മൾ സ്വയം ചെയ്യുമോ എന്നാലോചിക്കുക. നമുക്കൊരു വിമ്മിഷ്ടമോ , മടിയോ അറപ്പോ തോന്നിയാൽ, അതീഗണത്തിൽപെടുത്താവുന്നതാണ്. അവരും നമ്മളെ പോലെ ഒരു ജീവിയാണെന്ന് ബോധ്യം ഉണ്ടായാൽ സാധാരണ മനുഷ്യർ അത് മാറ്റും. ചിലരങ്ങനെ ഇതുവരെ ചിന്തിച്ചിട്ട് ഉണ്ടാകില്ല, ഇത് വായിക്കുന്നവർ ഒന്നാലോചിച്ചു നോക്കൂ. 
 
അഞ്ചാമത് : സ്വപ്‌നങ്ങൾ ഉള്ളവരെ കൂട്ടിൽ അടക്കുന്നത്: 
ഇതൊരു പൊതു തെറ്റ് ആണ്. അടുക്കളയിലെ സ്ത്രീയുടെ കാര്യത്തിൽ മാത്രമല്ല പലതിലും ഇത് പ്രസക്തമാണ്. സ്വന്തമായി സ്വപ്‌നങ്ങൾ ഉള്ളവരെ, അതിനു വേണ്ടി പരിശ്രമിക്കുന്നവരെ അതിൽ നിന്ന് തടയുന്നത് എന്തിന്റെ പേരിലായാലും ദുഷ്ടത്തരമാണ്. നൃത്തം, പാട്ടു, എഴുത്ത്, സ്വന്തം ജോലി/സ്ഥാപനം അങ്ങിനെ പലതും സ്വപ്നങ്ങളിൽ പെടും. അതിപ്പോ ആണായാലും പെണ്ണായാലും ഇപ്പൊ ഉള്ള സൗകര്യത്തിൽ അങ്ങ് പോയാൽ മതി എന്ന് പറയുന്നതിനെ പറ്റിയാണ്. (ഈ പറഞ്ഞ സ്വപ്നപദ്ധതിയിൽ നിന്ന് ഉണ്ടാക്കാവുന്നതിനെ പതിന്മടങ്ങു ഇപ്പോഴേ ശമ്പളമായി കിട്ടുന്നവർ ഉണ്ടാകും) - പണത്തിനു അപ്പുറം ഒരു മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിലതുണ്ട് , അതിനെ അംഗീകരിക്കാൻ പഠിക്കുക, പറ്റുമെങ്കിൽ പ്രോത്സാഹിപ്പിക്കുക. 
 
ആറാമത് : വീട്ടു പണിയെടുത്ത് മാത്രം ജീവിക്കുന്ന പുരുഷൻ: 
ഇത് ചില ആക്ടിവിസ്റ്റുകളുടെയെങ്കിലും സ്വപ്നമാണ്. വീട്ടു പണി ചെയ്തു കഴിയുന്ന സ്ത്രീയെ പോലെ പുരുഷനും. homemaker - male . നിങ്ങൾ കണ്ട ലോകം ചെറുതാണെന്നേ പറയാനാകൂ . ഇങ്ങനെയുള്ള കൂട്ടർ ഒരുപാട് ഇപ്പൊ തന്നെ ഉണ്ട്. നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലെങ്കിൽ അതിനുള്ള അവസരം നിങ്ങൾ ഉണ്ടാക്കുക. ഇപ്പോൾ അതിനു പറ്റിയ സമയവുമാണ്. തമാശയല്ല. അവിവാഹിതരായ വിദ്യാഭ്യാസം കുറവുള്ള ഒരുപാടു ചെറുപ്പക്കാർ ഉണ്ട് - വിവാഹം വൈകുന്നതിന്റെ പ്രധാന കാരണം , പെൺകുട്ടികൾ പലരും ഡിഗ്രി-മാസ്റ്റേഴ്സ് ഉള്ളവരാണ്,അവർക്ക് നല്ല ജോലി - വിദ്യാഭ്യാസം ഉള്ളവരെയാണ് വേണ്ടത്. ഈ പറഞ്ഞവരിൽ ചിലർ പഠിക്കാൻ കഴിവില്ലാത്ത കൊണ്ടും മറ്റു ചിലർ ജീവിത സാഹചര്യം കൊണ്ടും ഈ അവസ്ഥയിൽ ആയതാണ്. നിങ്ങളുടെ കുടുംബത്തിലുള്ള അവിവാഹിതരായ പെൺകുട്ടികളോട് ഇവരെ വിവാഹം കഴിക്കാൻ പറയൂ . വീട്ടു പണി അവര് ചെയ്യട്ടെ. മാറ്റം നിങ്ങളിൽ നിന്ന് തന്നെ ആവട്ടെ. 
 

FB അഭിപ്രായങ്ങൾ :  
ഒരാളുടെ വിവരം , ലോകപരിചയം , അനുഭവങ്ങൾ, ചുറ്റുമുള്ള ആളുകൾ, അവരിലേക്കെത്തുന്ന വാർത്തകൾ, അത് അവരുടെ ബുദ്ധി മനസ്സിലാക്കുന്ന വിധം ഇതൊക്കെയാണ് പ്രധാനമായും അയാളുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുക. ഒരേ ക്ലാസ്സിൽ, ഒരേ ടീച്ചർ പഠിപ്പിച്ച ഒരേ സിലബസ് പഠിച്ച ഓരോ കുട്ടിക്കും ഓരോ മാർക്കല്ലേ ? അവരുടെ രീതിയിൽ അവർ ഉത്തര പേപ്പറിൽ എഴുതുന്ന കൊണ്ടാണ്. അത് പോലെ തന്നെയാണ് FB അഭിപ്രായങ്ങളും. ചിലത് ശരിയാകും. ചിലത് തെറ്റും. നിങ്ങളുടെ തെറ്റ് മറ്റൊരാൾക്ക് ശരിയാകും. ഇതിനെ ബൈനറി or ബ്ലാക്ക്-വൈറ്റ് ആയി കാണാൻ സാധിക്കില്ല. പലതും വായിക്കുമ്പോൾ - ഇങ്ങിനെയും ഒരു അഭിപ്രായം ഉണ്ട് എന്ന് മാത്രം മനസിലാക്കുക. അതിനെ ജഡ്ജ് ചെയ്യാതെ ഇരിക്കുക, കുറച്ച് ആശ്വാസം കിട്ടിയേക്കാം. 
 


പ്രതികരണം പുതിയവഴിയിൽ: 
പല രീതിയിൽ അഭിപ്രായങ്ങളോട് പ്രതികരിക്കാം , ഞാൻ ഒരു വഴി പറയാം. 
 
ഒരാൾ പറയുന്ന അഭിപ്രായത്തിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ആലോചിക്കുക. നിങ്ങൾക്ക് വേണ്ട അറിവില്ലെങ്കിൽ അതുള്ള ഒരു സുഹൃത്തിനോട് ചോദിച്ചു മനസിലാക്കാം. ശരിയാണെന്ന് തോന്നിയാൽ, നമ്മുടെ സ്വന്തം ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ പറ്റുമോന്നു എന്ന് നോക്കുക, അങ്ങിനെ ചെയ്താൽ ജീവിതം മെച്ചപ്പെടുമോ എന്നും പരിശോധിയ്ക്കുക. രണ്ടിനും ഉത്തരം "അതെ" എന്നാണെങ്കിൽ നമ്മുടെ രീതികൾ അതിനനുസരിച്ച് മാറ്റുക. ഇതിനൊന്നും നിങ്ങൾക്ക് സമയവും മനസും ഇല്ലെങ്കിൽ മേല്പറഞ്ഞ പോലെ. ഇങ്ങിനെയും ഒരു അഭിപ്രായം ഈ വിഷയത്തിൽ ഉണ്ട് എന്ന് മാത്രം മനസിൽ വെക്കുക. 

2013 സെപ്റ്റംബർ 15, ഞായറാഴ്‌ച

സ്റ്റേവയർ



അംഗീകാരങ്ങൾ, ചെറുതും വലുതും , പലപ്പോഴും സ്റ്റേവയർ പോലെയാണ്; നല്ല കാലത്ത് സമൂഹത്തിന്റെ മുന്നിൽ തല ഉയർന്നു തന്നെ നിൽക്കാൻ പല കോണുകളിലേക്കായി അത് വലിച്ചു കെട്ടിയിരിക്കുന്നു. ഏറെക്കുറെ സ്ഥായിയായ ആ നിൽപ്പിൽ കാലം വരുത്തുന്ന കാതലായ മാറ്റങ്ങൾ പലപ്പോഴും പുറം ലോകമറിയില്ല.

എന്നെങ്കിലുമൊരിക്കൽ തല കുനിക്കേണ്ട അവസ്ഥ വരുമ്പോൾ ഈ സ്റ്റേവയർ പ്രതികൂലമാകും. ജീർണിച്ചു തുടങ്ങുമ്പോൾ വലിച്ചു കെട്ടിയ ഭാഗങ്ങൾ പതിയെ അടരാൻ തുടങ്ങും. അത് മനസിലാക്കാൻ നമ്മൾപലപ്പോഴും വൈകും. അത് മനസിലാക്കി, സ്റ്റേവയറുകൾ എല്ലാം അഴിച്ചു വരുമ്പോഴേക്കും സമയം എത്തിപ്പിടിക്കാനാവാത്തത്ര ദൂരം പോയ്ക്കഴിഞ്ഞിരിക്കും.

 അംഗീകാരങ്ങൾ - പുരസ്കാരങ്ങൾ എന്ന ചെറിയ അർത്ഥത്തിലേക്ക് അതിനെ ഒതുക്കരുതെന്നു അപേക്ഷ.


2013 മേയ് 5, ഞായറാഴ്‌ച

കണ്ണടച്ച് ഇരുട്ടാക്കുന്നവർ


സമൂഹത്തിൽ പലയിടത്തും പലപ്പോഴായി കാണാൻ കഴിയുന്ന ഒരു കൂട്ടരാണിവർ . സ്വന്തമായി ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുകയും അത് ശരിയാണോ എന്നാത്മ പരിശോധന നടത്താൻ പോലും കൂട്ടാക്കാത്ത ഇവർ ലോക സമാധാനത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുന്നു . 

വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലർ ചെയ്യുന്ന തെറ്റുകൾക്ക് കുട പിടിക്കാൻ ഇക്കൂട്ടർ സദാ ജാഗരൂകർ ആയിരിക്കും .  തെറ്റുകൾ മനുഷ്യസഹജമാണ്  അത് കാണുമ്പോൾ അതിനെ തിരുത്തുന്നതിനു പകരം മറ്റുള്ളവരിലേക്ക് നോക്കി അവരിലുള്ള തെറ്റു ചൂണ്ടിക്കാട്ടുക വഴി ഒരു പുകമറ സൃഷ്ടിക്കാൻ ഇവർക്കാകുന്നു . അതിലൂടെ അവരുടെ വിശ്വാസങ്ങളെ ഉന്നതിയിൽ എത്തിക്കാമെന്ന അധീകരിച്ച വ്യമോഹത്താൽ അവർ പുളകം കൊള്ളുന്നു . 

നേർക്ക്‌ നേർ നിന്ന് യുദ്ധം ചെയ്യുന്ന ശത്രുവിനെ ഞാൻ ബഹുമാനിക്കുന്നു ; പക്ഷെ ഷണ്ടത്വം ബാധിച്ച ആപേക്ഷിക അന്ധ-ബധിര-മൂകന്മാർ നടത്തുന്ന കോമാളിത്തരം കാണുമ്പോൾ ചിരിയേക്കാൾ കൂടുതൽ വെറുപ്പാണ് തോന്നുന്നത് . ഇവരാണ് യഥാർഥ്യത്തിൽ രാജ്യദ്രോഹികൾ ഇവർക്കാണ് നാം ആദ്യം കൊലമരം ഒരുക്കേണ്ടത് . 
 
 ഉന്മൂലനസിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ കൂടി ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് ; നല്ലൊരു നാളെക്കായി ഇവരെ നമ്മൾ ബഹിഷ്കരിക്കണം ; പിടിക്കുന്ന കൊടിയും വിശ്വസിക്കുന്ന  മതവും മാറ്റി നിർത്തി ഇത്തരം ഒളിപോരാളികളെ ഇല്ലാതാക്കുക തന്നെ വേണം ; കണ്‍വെട്ടത്തു മറഞ്ഞിരിക്കുന്ന ആപത്ത് നമ്മൾ ഇനിയും ക്ഷമിക്കേണ്ട കര്യമില്ല. 

ഒന്നു വിട്ടു പോയി - ഇത്തരക്കാരെ  എങ്ങനെ തിരിച്ചറിയും എന്നൊരു ചോദ്യത്തിനുത്തരം പറയാൻ കൂടെ ഞാൻ ബാധ്യസ്ഥൻ ആണ് ; ഇത് വായിച്ചപ്പോൾ നിങ്ങളുടെ നെഞ്ചിലെക്ക്  ഒരു സൂചി കയറുന്ന പോലെ തോന്നിയെങ്കിൽ സംശയിക്കേണ്ട നിങ്ങളെ എറിഞ്ഞു കൊല്ലുവാനുള്ള കല്ലുമായി ഒരു ജനത അണിയറയിൽ കാത്തു നിൽപ്പുണ്ട് 

2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

ശ്രീ പി രാജീവ്‌ എം പി വായിച്ചറിയാൻ ,


ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്ക് പരിഹാര മാർഗങ്ങൾ നിർദേശിച്ചു കൊണ്ട് ഇന്ന്  ദേശാഭിമാനിയിൽ  വന്ന ലേഖനം വായിച്ചു . അത് വായിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ താഴെ ചേർക്കുന്നു ഉത്തരം ഉള്ളപ്പോൾ അറിയിക്കുക 
(ചോരതിളയ്ക്കുന്ന അണികൾ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ചോദിച്ചു  ഉത്തരം നല്കിയാലും മതി)

ചോദ്യങ്ങൾ 

1. ലുലു മാലിന് സമീപം പുതിയ പാലം വരുന്നതിന്റെ സാമ്പത്തികബാധ്യത അവർ ഏറ്റെടുക്കണം എന്ന ആവശ്യം എന്തടിസ്ഥാനത്തിലാണ് ?
യുസഫലി എന്ന കോടീശ്വരനു ഇടപ്പള്ളി കവലയിൽ ഷോപ്പിംഗ്‌മാൾ പണിയാൻ സർക്കാർ അനുവാദം കൊടുത്തപ്പോൾ എന്താണ് മനസ്സിൽ കണ്ടത്? അയാളവിടെ നാല് സിഗരറ്റ് പാക്കെറ്റ് വെച്ച് പെട്ടിക്കട നടത്താൻ ആണ് പോകുന്നതെന്നോ? അറബ് രാജ്യങ്ങളിലെ ലുലു മാളിനെക്കുറിച്ച് സർക്കാർ ജീവനക്കാർക്ക് അറിവില്ല എന്നാണോ? ആ കെട്ടിടം പണിയുമ്പോൾ അതിന്റെ വലുപ്പവും പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണവുമൊക്കെ ആ  പ്രൊജക്റ്റ്‌  റിപ്പോർട്ടിൽ ഉണ്ടാകും , വർഷങ്ങൾ കൊണ്ട് പണി തീർന്നതാണ് ആ കെട്ടിടം. ഇത്രനാൾ ഉറങ്ങിക്കിടന്ന സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവമല്ലെ കാര്യങ്ങൾ ഇത്ര വഷളാക്കിയത്?

2.  MP ആവശ്യപ്പെട്ടു MLA ആവശ്യപ്പെട്ടു . ഇടക്യ്ക്ക് ഞാനും ആവശ്യപ്പെടാറുണ്ട് ; ഇത് തമ്മിൽ വ്യത്യാസമൊന്നും ഇല്ലാത്തതെന്തു ?!

ഒരു പ്രശ്നപരിഹാരം നിർദ്ദേശിക്കാൻ സാമാന്യബോധമുള്ള ആർക്കും പറ്റും . ഇടപ്പള്ളി കവലയിൽ പോയി നിന്നാൽ ഒരു സ്കൂൾകുട്ടി പോലും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കും ; അതിനു നിന്ന് പ്രയോഗികമായത് തെരഞ്ഞെടുക്കാൻ ഒരു എഞ്ചിനീയറിംഗ് ബിരുദദാരിക്കു കഴിയും ; ഇതെല്ലം പൊതുജനം എന്ന വിഭാഗത്തിൽ പെടുന്നവരാണ്. 
 ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കാനാണ് ജനങ്ങൾ പ്രതിനിധികളെ തെരഞ്ഞെടുത്തു അയക്കുന്നത് നിങ്ങളും ഒരിടത്തിരുന്ന് ചോദ്യങ്ങൾ ചോദിക്കുക മാത്രം ചെയ്‌താൽ പിന്നെ സർക്കാർ ശമ്പളം പറ്റുന്ന നിങ്ങളും സാധാരണ പൗരനായ ഞാനും തമ്മിൽ എന്ത് വ്യത്യാസം?
ഇതെല്ലാം MPയായ താങ്കളുടെ പരിധിയിൽ വരുന്നവയല്ല എങ്കിൽ ഇവിടെ ഒരു MLA ഉണ്ട്; MLA യുമായി സംസാരിച്ചു വേണ്ടത് ചെയ്യാൻ എന്താണ് തടസ്സം?!
 
3. ഒരു ജനപ്രതിനിധിയുടെ അധികാരങ്ങൾ എന്തൊക്കെയാണ് ?

ജനങ്ങൾക്ക്‌ വേണ്ടി എന്ന ലേബലിൽ പാർട്ടിഭേദമന്യേ നേതാക്കൾ എല്ലാം ചെയ്യുന്നത് സമരം നടത്തലാണ്‌ ; അതിലും പൊതുഖജനാവിൽ നിന്നും നഷ്ടം സംഭവിക്കും. സത്യത്തിൽ ജനപ്രതിനിധികള്ക്ക് എന്തെങ്കിലും അധികാരം ഉണ്ടോ?!
ഉണ്ടെങ്കിൽ അത് നിങ്ങൾ പ്രയോഗിക്കാറുണ്ടോ? (MLA / MP ഫണ്ട്‌ വിനിയോഗം അല്ലാതെ ) .
 
ദിവസവും പത്രങ്ങളിൽ ഇത്തരം വാർത്തകളാണ് .  ഇതിനൊക്കെ ഉത്തരം നല്കാൻ കെല്പ്പുള്ള ആരുണ്ട്‌ ?!