2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പിറന്നാള്‍ - ചില നാടന്‍ ആചാരങ്ങള്‍


പിറന്നാള്‍ ആഘോഷിക്കുന്നത് മലയാളപഞ്ചാംഗം പ്രകാരം ജനിച്ച നാള്‍ വരുന്ന ദിവസമാണ്. എല്ലാ മാസവും വരുന്ന ഈ നാള്‍ പക്കപിറന്നാള്‍ എന്നറിയപെടുന്നു. ജനിച്ച മാസവും നാളും ഒത്തുവരുമ്പോള്‍ അത് പിറന്നാള്‍ ആയി ആഘോഷിക്കുന്നു. ചിലയവസരങ്ങളില്‍ ഒരു നാള്‍ രണ്ടു പ്രാവശ്യം ഒരു മാസത്തില്‍ വന്നേക്കാം, അങ്ങനെ വരുമ്പോള്‍ രണ്ടാമത് വരുന്ന ദിവസമാണ് പിറന്നാള്‍ ആയി ആഘോഷിക്കുക. രണ്ടാമത്തെത് സംക്രമദിവസം  ആണെങ്കില്‍ ആദ്യത്തെത് ആയിരിക്കും പിറന്നാള്‍ ആയി ആഘോഷിക്കുക. സൂര്യോദയത്തിനു ശേഷം 6 1/4  നാഴിക ജന്മ നക്ഷത്രം ഉണ്ടെങ്കിലെ പിറന്നാളിന് ആ ദിവസം പരിഗണിക്കുകയുള്ളൂ അല്ലെങ്കില്‍ അതിനു തലേദിവസം ആവണം പിറന്നാള്‍  ആഘോഷിക്കേണ്ടത്. 


രാവിലേ കുളിച്ചു (എണ്ണ ഉപയോഗിക്കരുത്) പുതുവസ്ത്രം ധരിച്ചു  ക്ഷേത്രദര്‍ശനം നടത്തണം, ആയുരാരോഗ്യത്തിനു പ്രത്യേക പൂജ/വഴിപാടു കഴിക്കണം.  ഉച്ചയ്ക്ക് പിറന്നാളുകാരന്റെ   ഇഷ്ടവിഭവങ്ങളുമായി പായസം കൂട്ടി സദ്യ. ആദ്യം ഗണപതിക്ക്‌, ശേഷം പിറന്നാളുകാരന് പിന്നെ മറ്റുള്ളവര്‍ക്ക് എണ്ണ ക്രമത്തിലാണ് ഭക്ഷണം വിളമ്പുക.  പിറന്നാളുകാരന്‍ കഴിക്കുമ്പോള്‍ വിഭവങ്ങള്‍ ഒന്നും "വേണ്ട" എന്ന് പറയരുത്. അതുപോലെ എന്ത് വേണമെന്ന് അവശ്യപെട്ടാലും മറ്റുള്ളവര്‍ അത് സാധിച്ചു  കൊടുക്കണം എന്നു പറയപ്പെടുന്നു. 
  

ഊണു കഴിഞ്ഞു പിറന്നാളുകാരന്‍ ഭക്ഷണം കഴിച്ച ഇല കീറാതെയും, കാക്കയും പൂച്ചയും എടുക്കാത്ത വിധത്തില്‍ പറമ്പില്‍ എവിടെയെങ്കിലും വെയ്ക്കുന്നു. 
പിറന്നാളുകാരന് സമ്മാനം നല്‍കുന്നതും ഒരാചാരമാണ്. 

ഇത് എന്റെ ചെറിയ അറിവിലുള്ള ചില കാര്യങ്ങള്‍ ആണ്. ഇത് പോലെ പലതും നിങ്ങള്‍ക്കും അറിയാമായിരിക്കും, അതും ഇവിടെ പങ്കുവെയ്ക്കുക്ക.  
          


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ