2011, ഡിസംബർ 30, വെള്ളിയാഴ്‌ച

സമ്മതം

പഠിക്കുമ്പോള്‍ ഒരു ജാവ ഡവലപ്പര്‍ ആകണം എന്നായിരുന്നു ആഗ്രഹം; പക്ഷെ ജോലി കിട്ടയപ്പോള്‍ തലനാരിഴ വ്യത്യാസത്തില്‍ അത് നഷ്ടമായി. ഒരിക്കലും ഇഷ്ടമില്ലാതിരുന്ന ടെസ്റ്റിംഗ്  അതും നെറ്റ് വര്‍ക്കിംഗ്‌ മേഖലയില്‍ ഞാന്‍ വന്നുപെട്ടു. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാന്‍ എനിക്ക് നല്ല മിടുക്കാണെന്ന് പലരും പറഞ്ഞിട്ടുണ്ട്; അല്ല; ഒരാളെ പറഞ്ഞിട്ടുള്ളൂ. ഇന്നിവിടെ ഞാന്‍ സംതൃപ്തന്‍ ആണ്. 
ജീവിതത്തില്‍ തോല്‍ക്കാന്‍ ഇഷ്ടപെടാത്തവനായിരുന്നു ഞാന്‍; പക്ഷെ എന്റെ തോല്‍വികളിലൂടെ പലരും ജയിക്കുന്നത് കാണുമ്പോള്‍ , എന്റെ തോല്‍വികളെ  ഞാന്‍ ഇഷ്ടപെടുന്നു. തെറ്റ് എന്റെ ഭാഗത്താവുകയും, എന്റേത് മാത്രം ആവുകയും ചെയ്യുമ്പോള്‍ , എന്നും തോല്‍ക്കുവാന്‍ ആണെനിക്കിഷ്ടം. എല്ലാവരും ജയിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ തോല്‍വിയണയാന്‍ പൂര്‍ണ തൃപ്തിയോടെ എന്റെ സമ്മതം ഞാന്‍ രേഖപെടുത്തുന്നു. ഇന്നും, ഇനിയങ്ങോട്ട് എന്നും.

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ദാസേട്ടനും സ്റ്റാര്‍ സിങ്ങറും പിന്നെ മലയാളികളുംകല്പന എന്ന ഗായികയുടെ പാട്ടിനെ എഴുന്നേറ്റു നിന്ന് അഭിനന്ദിച്ച ഗാനഗന്ധര്‍വന് എതിരെ എഴുതി നിറയ്ക്കുന്ന മലയാളികളോട് - 

കല്പന അവസാന ഘട്ടത്തില്‍ പാടിയ ഫ്യുഷന്‍ സംഗീതത്തെ അത്ഭുതം എന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ ആവില്ല. ഉള്ളിന്റെയുള്ളില്‍ അമേരിക്കയോട് അവജ്ഞയുള്ള ഞാനടക്കമുള്ള മലയാളിക്ക് ആ പാട്ട് ദഹിച്ചില്ല എന്നുള്ളത് സത്യം, എന്നുവെച്ചു ആ പാട്ട് കൊള്ളില്ല എന്ന് പറയാന്‍ പറ്റുമോ?

അമേരിക്കയുടെ "ലോക പോലീസിനെ" നമുക്ക് കണ്ണെടുത്താല്‍ കണ്ടു കൂടെങ്കിലും (പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക്) അവരുടെ ഡോളര്‍ നമുക്ക് വേണം; എത്ര മലയാളികളാ അവിടെ കുടികെട്ടി പാര്‍പ്പ്‌ എന്നറിയാമോ?!     

എന്ത് തന്നെ പറഞ്ഞാലും അമേരിക്ക  എന്നത് നമ്മുടെ മനസ്സില്‍ "superlative degree" ആണ് എന്നതിന് തര്‍ക്കമില്ല. സംശയമുണ്ടോ? ഇതൊന്നു നോക്കു
  
  • "നീയാരാ അമേരിക്കന്‍ പ്രസിഡന്റോ ?"
  • "ഈ ____ എന്ന സ്ഥലം അങ്ങ് അമേരിക്കയില്‍ ഒന്നും അല്ലല്ലോ?" 
  • "നിന്റെ തല പുറത്തൊന്നും കാണിക്കേണ്ട അമേരിക്കക്കാര്‍  കണ്ടാല്‍ വെട്ടിക്കൊണ്ട്  പോകും"
  • "ഇവന്‍ ഇവടൊന്നും ജനിക്കേണ്ടവന്‍ അല്ല, വല്ല അമേരിക്കയിലോ മറ്റോ ആയിരിക്കണം  ..." (ഇതാണ് അദ്ദേഹവും പറഞ്ഞത്)
  • "പയ്യന്‍  അമേരിക്കയിലാണ്/ആയിരുന്നു" (വിവാഹ കമ്പോളത്തില്‍ നിന്നും)
ലോകരാജ്യങ്ങള്‍ പലതും കടക്കെണിയില്‍ ആണെങ്കിലും നമുക്ക് അമേരിക്കന്‍ വിപണിയെ കുറിച്ച് മാത്രം അറിഞ്ഞാല്‍ മതി

എല്ലാ രാജ്യത്തിനും അവിടത്തെ സംസ്കാരത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. അമേരിക്കക്കാര്‍ക്ക് പണമുണ്ട്(ആയിരുന്നു) അവരത് കൊണ്ട് ലോകജനതയിലെ കഴിവുള്ളവരെ പ്രോത്സാഹിപ്പിച്ചു. അതു കൊണ്ട് പല "മലയാലി"കളും നാട്ടില്‍ കൊട്ടാരങ്ങള്‍ പണിതും BMW, volkswagen ഇത്യാദി ചെറു കാറുകളില്‍ സഞ്ചരിച്ചും ആഘോഷിക്കുന്നു. 

ലോകത്ത് 196 രാജ്യങ്ങള്‍ ഉണ്ടെങ്കിലും "MS പഠിക്കാന്‍  അമേരിക്ക കഴിഞ്ഞിട്ടേ ഉള്ളു" - എന്നാണ് വെയ്പ്പ്.

നാഴികയ്ക്ക് നാല്‍പതു വട്ടം അമേരിക്കയെ കുറ്റം പറയുമെങ്കിലും , രാവിലെ പല്ല് തേയ്ക്കുന്ന പേസ്റ്റ് മുതല്‍  ജീന്‍സും അതിനു പുറത്തേക്കു ഇട്ടു നടക്കുന്ന അടിവസ്ത്രവും അമേരിക്കയില്‍ നിന്ന് വരണം.  

യേശുദാസ് മക്കളെ അമേരിക്കയിലേക്ക്‌ പറിച്ചു നട്ടത് നല്ല സംസ്കാരത്തിന് വേണ്ടിയല്ല, നല്ല അവസരങ്ങള്‍ക്ക് വേണ്ടിയാണ്. [മകന് ടെന്നീസ് പഠിക്കാന്‍]

ഇതിനെല്ലാം ഉപരി - "ഏതൊരു വസ്തുവും അത് ഇരിക്കെണ്ടയിടത്ത് ഇരുന്നാലെ വിലയുള്ളൂ". ആ ഗായികയുടെ കഴിവ് ഒരു പക്ഷെ പാശ്ചാത്യ സംഗീതത്തില്‍ ആയിരിക്കും (അദ്ദേഹത്തിനു വ്യക്തിപരമായി അറിയവുന്ന കുട്ട്യാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു) അതിനു പറ്റിയ സ്ഥലം ഇതല്ല എന്നുള്ളത് പച്ചപരമാര്‍ത്ഥം അല്ലെ ?

പലര്‍ക്കും അറിയാത്ത ഒന്ന്-

 സ്റ്റാര്‍ സിങ്ങറില്‍ ഫൈനല്‍ സ്റ്റേജ് പെര്‍ഫോമന്‍സിന് മുന്‍പ്  തന്നെ വിജയി ആരെന്നു എല്ലാ മത്സരാര്‍ഥികള്‍ക്കും  അറിവുണ്ടായിരിക്കും. [ഇതിനു മുന്‍പ് ഒരു തവണ വിജയി ആവുകയും മറ്റൊരു തവണ കടുത്ത മത്സരത്തിനൊടുവില്‍ രണ്ടാമതായി പോവുകയുംചെയ്ത എന്റെ സുഹൃത്ത്‌ വെളിപെടുത്തിയ സത്യം]

അല്ലെങ്കില്‍ ഒന്ന് ആലോചിച്ചു നോക്കു- elimination റൌണ്ട് തുടങ്ങുമ്പോള്‍ തന്നെ പുറത്താകുന്നവര്‍ കരഞ്ഞു പിടിച്ചു പുറത്തു പോകുമ്പോള്‍ , കപ്പിനും 
ചുണ്ടിനും ഇടയില്‍ വെച്ച്  (കോടിക്കണക്കിനു രൂപയുടെ) സമ്മാനം വഴുതി മാറുമ്പോള്‍, നിര്‍വികാര(നാ/യാ)യി  ചിരിച്ചു കൊണ്ട് സ്റ്റേജില്‍ നില്‍ക്കാനും, നന്ദി പറയാനും,പാട്ടുപാടാനും വരെ കഴിയുന്നു മത്സരാര്‍ഥികള്‍ക്ക്.  [ഈ പറഞ്ഞത് തെറ്റാണെന്ന് മുന്‍വിജയികള്‍ ആരെങ്കിലും പറയെട്ടെ]

അപ്പൊ  എനിക്ക് പറയാനുള്ളതിന്റെ ആകെ തുക ഇത്ര മാത്രം - "കണ്ണടച്ച് ഇരുട്ടാക്കരുത്"  

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

എട്ടിന്റെ പണി


"റയില്‍വെ എജെന്റുമാര്‍ കൂട്ടത്തോടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നത് തടയാന്‍ 8 മണി മുതല്‍ 9 മണി വരെ എജെന്റ്/ഓണ്‍ലൈന്‍ ബുക്കിംഗ് അനുവദിക്കുന്നതല്ല" റയില്‍വേ മന്ത്രി ദിനേശ് ചതുര്‍വേദി

ഹോ ഫയങ്കര ബുത്തി! ഇത് പാവം ജനങ്ങള്‍ക്കിട്ടൊരു  പണി തന്നതല്ലേ? അല്ലെങ്കിലും നിന്നെയൊക്കെ വോട്ട് ചെയ്ത ജയിപ്പിച്ച മരക്കഴുതകള്‍ക്ക് ഇത് തന്നെ വേണം.  ഏജന്റുമാര്‍ തവണകൂലിക്ക്  ആളെ നിര്‍ത്തി ടിക്കറ്റ്‌ എടുക്കുന്നതും അസ്തമ പിടിച്ച സെര്‍വര്‍ എട്ടു മുതല്‍ അരമണിക്കൂര്‍ നേരത്തേക്ക്  ചക്രശ്വാസം വലിക്കുന്നതും  അടിയന്‍ അറിയുന്നു പ്രഭോ. അതിനിടെ പണ്ട് മുയല് ചത്തപോലെ  വീണു കിട്ടുന്ന ഓണ്‍ലൈന്‍ ടിക്കെറ്റുകളാണ്  ആകെയുള്ളൊരു ആശ്വാസം. 

ക്യൂ നിന്ന് ടിക്കറ്റ്‌ എടുക്കണേല്‍ തലേനാള്‍ രാത്രി 12 മണി മുതല്‍ റെയില്‍വേ സ്റ്റേഷനിലെ കൊതുകടി കൊള്ളണം; ഭാഗ്യം ഉണ്ടേല്‍ മഴയോ തണുപ്പോ കൂടെ തരാക്കാം.  ഏഴരയോടെ ഗോപുരവാതില്‍ തുറക്കും, പിന്നെ ദര്‍ശനപുണ്യത്തിനായുള്ള നെട്ടോട്ടമാണ്. ഓരോ തിരു നടയ്ക്കു മുന്നിലും കയ്യാല പുറത്തെ തേങ്ങയുടെ മനസുമായി ഊഴം കത്ത് നില്‍പ്പു.  ക്യൂ നില്‍ക്കുമ്പോള്‍ കിട്ടുന്ന അപേക്ഷ ഫോറത്തില്‍ പേരും, നാളും , വിലാസവുമൊക്കെ എഴുതി വരുമ്പോഴെക്കു ആവും ആ ശകടത്തിലെ ടിക്കറ്റ്‌ തീര്‍ന്നു എന്ന് എംബ്രാന്തിരി ഉണര്‍ത്തിക്കുന്നത്. 

ചിലപ്പോള്‍ ക്യൂവില്‍ ചുറുചുറുക്കുള്ള എഴുപതു കഴിഞ്ഞ  ചെറുപ്പക്കാര്‍ കാണും. അങ്ങ് ഡല്‍ഹിയിലോ , പാറ്റ്നായിലോ ഉള്ള മക്കളെയും ചെറുമക്കളെയും കാണുകയാവും ഉദ്ദേശം (3 മാസം കഴിഞ്ഞുള്ള ടിക്കെറ്റിനാണ് ഈ കാത്തു നില്പ്പെന്നു ഓര്‍ക്കണം)  ട്രെയിനിന്റെ പേരും നമ്പരും സ്ലീപെര്‍ മുതല്‍ ഫസ്റ്റ് എസി വരെയുള്ള എല്ലാ കംമ്പാര്‍ട്ടു മെന്റിന്റെയും  ടിക്കറ്റ്‌ ലഭ്യതയും വിലനിലവാരവും അറിഞ്ഞശേഷമേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യൂ. പിന്നെ പണമിടപാട്- എന്നെത്തെയും പോലൊരു ചടങ്ങ് തന്നെയാവും. 

ഇത് സംഭവം പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്ന പച്ചില അല്ല; സമയം ഇങ്ങനെ പോയാല്‍ ടിക്കറ്റ്‌ വേറെ ആണ്‍പിള്ളേരു  കൊണ്ട് പോകും.

പൂങ്കാവന നഗരിയിലേക്കുള്ള  ശകടത്തിനു എന്നും തിരക്കാണ്; ചൂടുള്ള ഉഴുന്ന് വട  പോലെ നിമിഷങ്ങള്‍ക്കകം കാലി! അങ്ങനെ ഉള്ളപ്പോള്‍ 9 മണി കഴിഞ്ഞു  മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടില്ല ഒന്ന് - ടിക്കെറ്റു

അണ്ണന് ജയ് വിളിച്ചു  രാഷ്ട്രീയക്കാരെ വിറപ്പിച്ച യുവ കേസരികള്‍ വായിച്ചറിയാന്‍ - വാടകയ്ക്ക് ആളെ എടുത്തു മിതമായനിരക്കില്‍ നമ്മുടെ കഴുത്തറത്തു ടിക്കറ്റ്‌ തരുന്ന ഏജന്റുമാര്‍ക്ക് പലപ്പോഴും നമ്മളെ പോലെ തന്നെ കനത്തില്‍ ഒരു സംഖ്യയാവും വെയ്റ്റിംഗ് ലിസ്റ്റില്‍ കിട്ടുക. നമ്മളത് വാങ്ങി RAC എങ്കിലും ആവാന്‍ പ്രാര്‍ഥിച്ചു പോരുമ്പോള്‍ ഏജന്റുമാര്‍ ഒരു പൂഴികടകന്‍ കളിക്കും. ആളൊന്നിനു ചെറിയൊരു കാണിക്ക റയില്‍വേ ഏമാന്മാര്‍ക്ക് സമര്‍പ്പിച്ച ശേഷം സ്ഥിരപ്പെടുത്തിയ ടിക്കെറ്റുമായി അവര്‍ പോകും. 
ഹാവൂ അപ്പൊ ആ വഴിക്ക് കാര്യം നടക്കും!!  

രത്നചുരുക്കം ഇങ്ങനെ - കൈകൂലി  കൊടുത്തു നമ്മള്‍ ടിക്കറ്റ്‌ വാങ്ങുന്നു. അണ്ണന്‍ ഇതൊക്കെ അറിയുന്നോ ആവോ?!


ശ് .... ആദ്യം സ്വന്തം കാര്യം , പിന്നെ അണ്ണന്‍ . ഹല്ലാ പിന്നെ ...             

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പിറന്നാള്‍ - ചില നാടന്‍ ആചാരങ്ങള്‍


പിറന്നാള്‍ ആഘോഷിക്കുന്നത് മലയാളപഞ്ചാംഗം പ്രകാരം ജനിച്ച നാള്‍ വരുന്ന ദിവസമാണ്. എല്ലാ മാസവും വരുന്ന ഈ നാള്‍ പക്കപിറന്നാള്‍ എന്നറിയപെടുന്നു. ജനിച്ച മാസവും നാളും ഒത്തുവരുമ്പോള്‍ അത് പിറന്നാള്‍ ആയി ആഘോഷിക്കുന്നു. ചിലയവസരങ്ങളില്‍ ഒരു നാള്‍ രണ്ടു പ്രാവശ്യം ഒരു മാസത്തില്‍ വന്നേക്കാം, അങ്ങനെ വരുമ്പോള്‍ രണ്ടാമത് വരുന്ന ദിവസമാണ് പിറന്നാള്‍ ആയി ആഘോഷിക്കുക. രണ്ടാമത്തെത് സംക്രമദിവസം  ആണെങ്കില്‍ ആദ്യത്തെത് ആയിരിക്കും പിറന്നാള്‍ ആയി ആഘോഷിക്കുക. സൂര്യോദയത്തിനു ശേഷം 6 1/4  നാഴിക ജന്മ നക്ഷത്രം ഉണ്ടെങ്കിലെ പിറന്നാളിന് ആ ദിവസം പരിഗണിക്കുകയുള്ളൂ അല്ലെങ്കില്‍ അതിനു തലേദിവസം ആവണം പിറന്നാള്‍  ആഘോഷിക്കേണ്ടത്. 


രാവിലേ കുളിച്ചു (എണ്ണ ഉപയോഗിക്കരുത്) പുതുവസ്ത്രം ധരിച്ചു  ക്ഷേത്രദര്‍ശനം നടത്തണം, ആയുരാരോഗ്യത്തിനു പ്രത്യേക പൂജ/വഴിപാടു കഴിക്കണം.  ഉച്ചയ്ക്ക് പിറന്നാളുകാരന്റെ   ഇഷ്ടവിഭവങ്ങളുമായി പായസം കൂട്ടി സദ്യ. ആദ്യം ഗണപതിക്ക്‌, ശേഷം പിറന്നാളുകാരന് പിന്നെ മറ്റുള്ളവര്‍ക്ക് എണ്ണ ക്രമത്തിലാണ് ഭക്ഷണം വിളമ്പുക.  പിറന്നാളുകാരന്‍ കഴിക്കുമ്പോള്‍ വിഭവങ്ങള്‍ ഒന്നും "വേണ്ട" എന്ന് പറയരുത്. അതുപോലെ എന്ത് വേണമെന്ന് അവശ്യപെട്ടാലും മറ്റുള്ളവര്‍ അത് സാധിച്ചു  കൊടുക്കണം എന്നു പറയപ്പെടുന്നു. 
  

ഊണു കഴിഞ്ഞു പിറന്നാളുകാരന്‍ ഭക്ഷണം കഴിച്ച ഇല കീറാതെയും, കാക്കയും പൂച്ചയും എടുക്കാത്ത വിധത്തില്‍ പറമ്പില്‍ എവിടെയെങ്കിലും വെയ്ക്കുന്നു. 
പിറന്നാളുകാരന് സമ്മാനം നല്‍കുന്നതും ഒരാചാരമാണ്. 

ഇത് എന്റെ ചെറിയ അറിവിലുള്ള ചില കാര്യങ്ങള്‍ ആണ്. ഇത് പോലെ പലതും നിങ്ങള്‍ക്കും അറിയാമായിരിക്കും, അതും ഇവിടെ പങ്കുവെയ്ക്കുക്ക.  
          


2011, ജൂലൈ 23, ശനിയാഴ്‌ച

എന്റെ സ്വപ്നനഗരി - കൊച്ചി

മറ്റെല്ലാവരെയും പോലെ എനിക്കുമുണ്ട് ഒരുപാട് സ്വപ്‌നങ്ങള്‍. ഒരു സാമൂഹിക സംഘടന തുടങ്ങി, അതിലൂടെ എന്റെ പല സ്വപ്നങ്ങള്‍ക്കും നിറം പകരമെന്നു ഞാന്‍ ആശിച്ചു. പക്ഷെ എന്റെ ചുറ്റിലുമുള്ള ലോകം- പണത്തിനു പിറകെ മാത്രം പായുകയാണെന്നു മനസിലാക്കുമ്പോള്‍, എന്തോ, സമാന ചിന്താഗതിക്കാരായ കുറച്ചു കൂട്ടുകാര്‍ ഉണ്ടാകുന്നതു വരെ കാത്തിരിക്കണം എന്ന് തോന്നുന്നു. 

അതു പോലെ തന്നെ എന്റെ ചുറ്റുപാടിലും വന്നു കാണാന്‍ ആഗ്രഹിക്കുന്ന ചില മാറ്റങ്ങളെ ഞാന്‍ താഴെ കുറിക്കുന്നു. അവ നടപ്പിലാക്കാന്‍ കെല്‍പ്പുള്ള ആരെങ്കിലും കാണാന്‍ ഇടയായാല്‍, അവ നടപ്പായാല്‍, നമുക്ക് നല്ലൊരു പരിസ്ഥിതി ലഭിക്കും.
  • തിരക്കേറിയ റോഡുകളില്‍, റോഡു മുറിച്ചു കടക്കാന്‍ "walkway" [റോഡിനു മുകളിലൂടെ ഉള്ള നടപ്പാത] നിര്‍മ്മിക്കുക. പടികള്‍ കയറാന്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളവരെ മാത്രം താഴെ കൂടെ റോഡ്‌ മുറിച്ചു കടക്കാന്‍ അനുവദിക്കുക.
  • മെട്രോ/റെയില്‍വേ/ബസ്‌ സ്റ്റേഷനുകളിലും , മറ്റു തിരക്കേറിയ പ്രദേശങ്ങളിലും പാര്‍ക്കിംഗിനായി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുക. കുറച്ചു വിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സാധിക്കും.
  • നഗരത്തിലൂടെ കൂടുതല്‍ നല്ല ബസുകള്‍ അനുവദിക്കുക. സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാന്‍ ഇത് സഹായിക്കും
  • നഗരത്തിനു ഉള്ളിലുള്ള സ്ഥാപനങ്ങളിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളെ മാത്രം കടത്തി വിടുക. ദീര്‍ഘദൂരയാത്രക്കാര്‍ക്കായി മറ്റൊരു റൂട്ട്, അല്ലെങ്കില്‍ "flyover" പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ നിര്‍മിക്കുക
  • ട്രാഫിക്‌ നിയമലംഘനത്തിനു കനത്ത പിഴ ഈടാക്കുക. നഗരത്തിനുള്ളില്‍ നിരീക്ഷണത്തിനായി ക്യാമറകള്‍ ഘടിപ്പിക്കുക. 
  • കൂടുതല്‍ ചെടികളും മരങ്ങളും നട്ടു പിടിപ്പിക്കുക       
  • റോഡുകളില്‍ ചപ്പുചവറുകള്‍ ഇടുക, തുപ്പുക തുടങ്ങിയ പ്രവത്തികളില്‍ ഏര്‍പെടുന്നവര്‍ക്ക് കനത്ത പിഴയടിക്കുക
  • കൂടുതല്‍ പൊതു ശൌചാലയങ്ങള്‍ നിര്‍മിക്കുക
  • റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക,  അറ്റകുറ്റ പണികള്‍ കഴിവതും രാത്രി നടപ്പാക്കുക. സമയാസമയങ്ങളില്‍ അറ്റകുറ്റപണികള്‍  നടത്തുക.
  • ഫോര്‍ട്ട്‌കൊച്ചി/ചെറായി കടപ്പുറങ്ങള്‍ വൃത്തിയായി സംരക്ഷിക്കുക
  • വൈപ്പിൻ - ഫോർട്ട്‌കൊച്ചി റൂട്ടിൽ കുറച്ചു കൂടെ വലിയ ജങ്കാർ / റോ -റോ  സംവിധാനം നടപ്പാക്കുക. എറണാകുളത്തേക്കും മറ്റു വടക്ക് ഭാഗങ്ങളിലേക്കും  എറണാകുളവും  തിരക്കുള്ള ഇടപ്പള്ളിയും ഒഴിവാക്കി യാത്ര ചെയ്യാൻ സാധിക്കും. ഇന്ധന ചിലവും മലിനീകരണവും കുറയും.

  • ജലഗതാഗതം വികസിപ്പിക്കണം.  കൂടുതൽ കരുത്തും നിലവാരവുമുള്ള  ഒരുപാട് ബോട്ടുകൾ വേണം.  വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചിക്ക്‌ അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ ആകണം. 
  • കുണ്ടന്നൂര്‍-ബൈപാസ്റോഡിലൂടെ കൂടുതല്‍ ബസ്സുകള്‍ അനുവദിക്കുക. ദീര്‍ഘദൂര ബസ്സുകള്‍ നഗരത്തില്‍ പ്രവേശിക്കാതെ ഈ വഴി തിരിച്ചു വിടുക.
  • ജനസംഖ്യ കൂടുന്നതിന് ആനുപാതികമായി infrastructure വികസിക്കണം. അത് വികേന്ദ്രീകൃതം ആയിരിക്കണം. സാധനങ്ങൾ വാങ്ങാനും , സിനിമ കാണാനുമൊക്കെയായി ജനങ്ങൾ നഗരഹൃദയത്തിലേക്ക് വരുന്ന പ്രവണത മാറണം.
  • ഫോർട്ട്‌കൊച്ചി - ചേർത്തല തീരദേശ റോഡ്‌ കേന്ദ്രീകരിച്ചു കൂടുതൽ വികസനം.  ഇപ്പോഴവിടെ വീതി കുറഞ്ഞ നല്ല റോഡ്‌ ഉണ്ട്. റോഡിനു വീതി കൂട്ടുക,  വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചു കടൽക്കര കേന്ദ്രീകരിച്ചു മുക്കുവരുടെ സഹകരണത്തോടെ കടൽ തീം ആയി ഹോട്ടലുകൾ തുടങ്ങുക.  തെക്കൻ കേരളത്തിലേക്ക് സഞ്ചരിക്കാൻ ഒരു നല്ല പകരക്കാരനുമാവും.
  • കേന്ദ്രീകൃത മഴവെള്ളസംഭരണികള്‍ നിര്‍മിക്കുക [സ്ഥല പരിമിതിയും, വെള്ളകെട്ടും കൊണ്ട് വലയുന്ന ജനങ്ങളോട് സ്വതന്ത്ര സംഭരണികള്‍ നിര്‍മിക്കാന്‍ പറയുന്നത് പ്രായോഗികമല്ല]
  • സമുദ്രജലത്തില്‍ നിന്നും കുടിവെള്ളം നിര്‍മിക്കുന്ന  സംസ്കരണ പ്ലാന്റ് നിര്‍മിക്കുക
  • മാലിന്യസംസ്കരണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിക്കുക. കൂടതല്‍ പ്ലാന്റുകള്‍ നിര്‍മിക്കുക.
  • കൂടുതല്‍ പാര്‍ക്ക്,കളിസ്ഥലങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ നിര്‍മിക്കുക 
  • വായനാശാലകള്‍ കാലാനുസ്രിതമായി നവീകരിക്കുക
  • ഗവണ്മെന്റ് ആശുപത്രികളിലെ സൌകര്യങ്ങള്‍ മെച്ചപെടുത്തുക.
  • കലയ്ക്കും കലാകാരന്മാര്‍ക്കുമായി "ജനറല്‍ പര്‍പസ് തിയേറ്റര്‍" നിര്‍മിക്കുക

2011, ജൂലൈ 17, ഞായറാഴ്‌ച

രാജ്യദ്രോഹികള്‍


 ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ വന്നു കൊണ്ടേ ഇരിക്കുന്നു.അവിടെയുള്ള സ്വത്ത്-വകകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്; പക്ഷേ ആ വിവരങ്ങള്‍ വള്ളി പുള്ളി വിടാതെ പത്രങ്ങള്‍ക്ക് കൊടുക്കുന്നത് എന്തിനാണ്?അവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉപകരങ്ങളുടെ വിവരങ്ങള്‍ പത്രങ്ങളില്‍ വന്നാല്‍ കേവലം 4 രൂപയ്ക്ക് ഏതൊരു ആക്രമിക്കും പദ്ധതികള്‍ തയ്യാറാക്കാം.
 
 
ചില പത്രക്കാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക മത്രമല്ല ചെയ്യുന്നത് - അമ്പലത്തിന്റെ രൂപരേഖ (ചിത്രകാരന്റെ ഭാവനയില്‍)തയ്യാറാക്കി അതില്‍ ക്യാമറയും മറ്റു ഉപകരണങ്ങളും എവിടെയൊക്കെ ആണ്  സ്ഥാപിച്ചിട്ടുള്ളതെന്ന്  അടയാളപെടുത്തി (ഭാവന ... ഭാവന) അങ്ങ് പ്രസിദ്ധീകരിക്കും.  ഇവര്‍ക്ക് എന്തിന്റെ കേടാ ?! ഞാന്‍ ഇവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നു.

ഒരു കാരണവശാലും അവിടുത്തെ വിവരങ്ങള്‍ ആര്‍ക്കും കൊടുക്കരുതെന്നും, വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ പോലും ഇവയെ ഉള്‍പെടുത്തരുതെന്നുമാണ്‌  എന്റെ അഭിപ്രായം. അങ്ങനെ ചെയ്യുന്നത് കൊണ്ട് പലതുണ്ട് ഗുണം. അവിടത്തെ  വിവരങ്ങള്‍ അവിടെ ചെന്നാലല്ലാതെ ലഭിക്കില്ല.മറ്റൊന്ന് അവിടെ ചെന്ന് പരിശോധിക്കുമ്പോള്‍ ഒന്നും കണ്ടില്ലെങ്കില്‍ കൂടി (യഥാര്‍ത്ഥത്തില്‍ സുരക്ഷ ഒന്നും ഇല്ലെങ്കില്‍ കൂടി) എവിടെയെങ്കിലും ഉപകരണങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കും എന്നാ തോന്നല്‍ ഉണ്ടാകും.അജ്ഞാതമായ ഒരു പ്രദേശത്തേക്ക്  കൊള്ള നടത്താന്‍ ചെല്ലാന്‍ ആരും ധൈര്യപ്പെടില്ല.

ഇതിനെ രാജ്യത്തിന്റെ പൂര്‍വിക സ്വത്തായി   കണക്കാക്കണമെന്നും , ചെലവാക്കാതെ, അത്യന്തം ശ്രദ്ധയോട് കൂടി പരിരക്ഷിക്കണമെന്നും ആണ്  എന്റെ അഭിപ്രായം.

എന്റെ അഭിപ്രായം ആരു ചോദിച്ചു? -  അല്ലേ!

2011, ജൂലൈ 1, വെള്ളിയാഴ്‌ച

എന്റെ രാജ്യം, ഭാരതം - മഹനീയം

"ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി : 50 ,000 കോടി ഇതുവരെ കിട്ടിയത്, അത് ഇനിയും കൂടിയേക്കാം, കാലപഴക്കം കൂടെ കണക്കാക്കുമ്പോള്‍ വില ഇനിയും ഉയരും" ഇതു വാര്‍ത്ത.

ഇനി ഒന്ന് ആലോചിച്ചു നോക്ക് :
ഇതു തിരുവിതാംകൂര്‍ രാജാവിന്റെ മാത്രം സമ്പാദ്യം!!!
കോഴിക്കോട്  സാമൂതിരി, കൊച്ചി രാജാവ്  - ഇവരുടെ കൈവശം ഉണ്ടായിരുന്ന മുതല്‍ എത്ര?!  അത് എവിടെ പോയി ?
ഇതു പോലെ ഭാരതത്തില്‍ എത്രയെത്ര നാടുവാഴികള്‍! 
അപ്പോള്‍ 'ബ്രിട്ടീഷ്‌, ഡച്ച്, പോര്‍ച്ചുഗീസ് 'ഇവര്‍ ചേര്‍ന്ന് എത്രമാത്രം അടിച്ചു കൊണ്ട് കൊണ്ട് പോയിരിക്കും?!
മന്ത്രിമാര്‍ വക കുംഭകോണം വേറെ, അതും സഹസ്രകോടികള്‍ !!!

ഇത്രയൊക്കെ പോയിട്ടും ഈ നൂറ്റാണ്ടിലെ ലോകശക്തികളിലൊന്നു "ഭാരതം" , വളര്‍ന്നു വരുന്ന സാമ്പത്തികശക്തികളിലൊന്ന്
"ഭാരതം".

"എന്റെ രാജ്യം, ഭാരതം മഹനീയം"

2011, മേയ് 19, വ്യാഴാഴ്‌ച

നോക്ക്കൂലി

മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഡോളര്‍, ഷഡ്ജം കീറിയിരിക്കുന്ന അമേരിക്കകാരന്റെ പ്രതീകമാണ്.  പണ്ട് ബ്രിട്ടിഷുകാര്‍ ഒന്ന് ആര്‍മാദിച്ചു പോയതിനു ശേഷം പാശ്ചാത്യര്‍ തൊട്ടു നക്കിയ ഒരേ ഒരു വിഭവം "കാമസുത്ര" ആണ്. അതിന്റെ രസം പിടിച്ചു എത്തിയ വെള്ളപാറ്റയ്ക്ക്‌  പിന്നെ കിട്ടിയത് "ആയുര്‍വേദവും യോഗയും" ആണ്. ആര്‍ത്തി പിടിച്ചു വരുന്നവന്റെ പോക്കറ്റ് അടിക്കാന്‍ നമ്മള്‍ മറന്നില്ല എന്നതാണ് ഏക  ആശ്വാസം.  ആ ഗണത്തില്‍ നമ്മുടെ "നോക്ക്കൂലി" പെടുമോ?!!

അമേരിക്കകാര്‍ നഷ്ടപെട്ട ജോലിക്ക്/വേതനത്തിന് പകരമായി നോക്ക്കൂലി ആവശ്യപെടുന്ന അവസ്ഥ!!! എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ  ഇങ്ങനെ ?!! അങ്ങനെ എങ്ങാന്‍ സംഭവിച്ചാല്‍ സ്മാര്‍ട്ട്‌/സൈബര്‍/ഗ്ലോബല്‍ തുടങ്ങിയ എല്ലാ സിറ്റിയും പൂട്ടും .. പിന്നെ നമ്മള്‍ ഊഞ്ഞാലാ ...ഊഞ്ഞാലാ....  

പ്രത്യേക അറിയിപ്പ്:
അമേരിക്കന്‍ മലയാളികള്‍ ഇത് ആര്‍ക്കും തര്‍ജമ ചെയ്തു കൊടുക്കരുത് !!!

2011, മാർച്ച് 27, ഞായറാഴ്‌ച

NA [not applicable]

ജോലി സംബന്ധമായിരുന്നു ആ "complete health check-up". 12 മണിക്കൂര്‍ നേരത്തെ ഉപവാസവും, യാത്രയും . ഞാന്‍ നന്നേ തളര്‍ന്നിരുന്നു. പ്രാതല്‍ 12 :30 PMനു. തിരികെ വീട്ടിലെത്തിയതും ഒന്ന് മയങ്ങി.

ആറു മണിയോടെ ഒരു ചായയും രണ്ടു കട്ട്‌ലെറ്റ്‌ഉം അകത്താക്കി.  അപ്പോള്‍ തുടങ്ങിയതാ തലവേദന. ഭക്ഷണം സമയത്ത് കഴിക്കാത്തതും, ഉറക്കം ശരിയാവാത്തതും ആണ് കാരണം. വേദന കൊണ്ട് തല പിളര്‍ന്നു പോകുമെന് തോന്നിപോയി.

ഈ നാട്ടിലെ പട്ടിണി പാവങ്ങളുടെ അവസ്ഥ എന്തായിരിക്കും?!! നിത്യവും ഈ വേദന സഹിക്കണോ?
' നാശം ,  ഈ സമയത്തു തന്നെ സംശയം ഉണ്ടാകണം !!!, എനിക്ക് കുറച്ചു സ്വസ്ഥത വേണം ഹേ'.

ശീലിച്ചത് ഒന്ന് മാറിയത് കൊണ്ടുള്ള പണിമുടക്കാണ്. പട്ടിണി പാവങ്ങള്‍ക്ക് ഇത് ബാധകമല്ല.  മനസ്സില്‍ അസമയത്തു ഉയര്‍ന്ന ചോദ്യത്തിന് നേരെ NA [not applicable] എന്ന് കുറിച്ചിട്ടു. ഒരു paracetamol എടുത്തു കഴിച്ചു വീണ്ടും മയക്കത്തിലേക്കു.