2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

നവക്രിയകള്‍

നമ്മുടെ നാട്ടില്‍ കുറച്ചു നാളായി കേള്‍ക്കുന്ന രണ്ടു കാര്യങ്ങള്‍ ആണ്
  1. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി 
  2. വീടില്ലാത്ത എല്ലാവര്‍ക്കും വീട്
യാഥാര്‍ത്ഥ്യത്തില്‍ ഇതിന്റെ രണ്ടിന്റെയും ആവശ്യമുണ്ടോ ?!

കേരളത്തില്‍ ഒന്നാമത് ഭൂവിസ്തീര്‍ണം കുറവാണ് , അപ്പൊ എല്ലാവര്ക്കും ഭൂമി കൊടുക്കണമെങ്കില്‍ കൂടുതല്‍ ഭൂമി ഉണ്ടാക്കിയെടുക്കണം , അതിനു പാടം , തോട്  , കുളം , പുഴ , കായല്‍ , കടല്‍ ഇതില്‍ പലതും നികത്തണം , അല്ലെങ്കില്‍ വനഭൂമി വാസയോഗ്യം ആക്കണം ; രണ്ടായാലും പ്രകൃതിക്ക് ക്ഷീണം ആണ് , നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന നല്ല കാലാവസ്ഥ മാറി വരുന്നു , ഇനിയും തോന്ന്യാസം കാണിച്ചാല്‍ നല്ല പണികിട്ടും.

വീടിനു മുകളില്‍ അലൂമിനിയം ഷീറ്റ് ഇടുന്ന പരിപാടി ഇപ്പൊ സര്‍വസാധാരണം ആണല്ലോ , അതിനു തന്നെ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ചെലവാകും,  അപ്പൊ അതിനു നാല്  മതിലും , വാര്‍ക്കളും മറ്റും കഴിയുമ്പോള്‍ സംഖ്യ എത്ര മറിയും എന്ന് വെച്ചാ? വെറുതെ ഇങ്ങനെ കാശ് പൊട്ടിച്ചു കളയേണ്ട കാര്യം ഉണ്ടോ?

ഇപ്പൊ നിങ്ങള്‍ ചോദിക്കുമായിരിക്കും , "പാവപെട്ടവന്‍ നന്നാവുന്നത് നിനക്ക് പിടിക്കുന്നില്ല അല്ലേടാ?" എന്ന് ; അതേ എനിക്ക് പിടിക്കുന്നില്ല .

ഒരു പണിയും എടുക്കാതെ വെറുതെ ഇരിക്കുന്നവന്‍ പലരും കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതിന്റെ പങ്കു വെറുതെ കൊണ്ട് പോകുന്നത് എനിക്ക് പിടിക്കുന്നില്ല ; ഒരു പ്രയോജനവും ഇല്ലാത്ത ഇത്തരം നടപടികള്‍ ഒരു സര്‍കാരും ആലോചിക്കാനേ പാടില്ല.

പകരം എന്ത് കൊണ്ട്
  • എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നില്ല?
  • ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ജോലി ചെയ്യാതെ കൂലി വാങ്ങുന്നവരെ പണിയെടുപ്പിക്കാന്‍ ശ്രമിക്കുന്നില്ല?
  • എന്തുകൊണ്ട് എല്ലാ പൊതു ഇടങ്ങളിലും ശൌചാലയങ്ങള്‍ പണിയുന്നില്ല?
  • എന്തുകൊണ്ട് ദരിദ്രര്‍ ആയ എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നില്ല?
  • എന്ത് കൊണ്ട് കൂടുതല്‍ കളിസ്ഥലങ്ങള്‍ ഉണ്ടാക്കുന്നില്ല?
  • എന്ത് കൊണ്ട് നല്ല റോഡുകള്‍ ഉണ്ടാകുന്നില്ല?
  • എന്ത് കൊണ്ട് ശുചിത്യമുള്ള പരിസരം ഉണ്ടാകുന്നില്ല?
  • എന്ത് കൊണ്ട് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നില്ല?
ഇതിനൊക്കെ ഉത്തരം ഒന്നേയുള്ളൂ ,ഇതൊക്കെയായാല്‍ നാട് നന്നാവും , നാട്ടുകാരുടെ ബുദ്ധി തെളിയും , പലര്‍ക്കും വോട്ട് കിട്ടില്ല.

ഭൂവിതരണവും വീട് നിര്‍മാണവും കൊണ്ടുള്ള (രാഷ്ട്രീയക്കാരന്റെ) നേട്ടം :
അഷ്ടിക്കു വകയില്ലാത്തവന് ഭൂമി/വീട്  കിട്ടിയാല്‍  അവനതു വിറ്റു കാശാക്കാനെ നോക്കു , അപ്പൊ താക്കോല്‍ വിതരണം കഴിഞ്ഞു അത് കയ്യോടെ ചുളുവിലയ്ക്ക്  വാങ്ങി മറിച്ചു വില്‍ക്കാം , അല്ലെങ്കില്‍ ആ പേരില്‍ കുറെ കാശും സ്ഥലവും സ്വന്തം പേരിലാക്കാം .


ഇതൊന്നും ചിന്തിക്കാതെ അവരുടെ പ്രഷ്ടം താങ്ങാന്‍ കുറെ പ്രവര്‍ത്തകരും വോട്ട് ചെയ്യാന്‍ കുറെ അനുഭാവികളും ...

ഫൂ ..

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

നമുക്ക് തെറ്റ് പറ്റിയോ?!

ഇപ്പോഴത്തെ രാഷ്ട്രീയം കാണുമ്പോള്‍ രാജഭരണം ആയിരുന്നു ഭേദം എന്ന് തോന്നുന്നു (ചിലപ്പോഴിത്‌ വെറും തോന്നല്‍ ആവാം )
തോന്നലിനാധരമായ ചില വസ്തുതകള്‍ :
1 . ജനങ്ങളെ പിഴിഞ്ഞ് എടുക്കുന്ന പണത്തിന്റെ വിഹിതം പറ്റാന്‍ ആളു കുറവ് , തന്മൂലം അധികം പിഴിയുന്നതിനു മുന്‍പ് ഭരണാധികാരിക്ക് വേണ്ടത് ലഭിക്കും , പാര്‍ട്ടി ഭരണത്തില്‍ അങ്ങ് മന്ത്രി തൊട്ടു ഇങ്ങു ഞാഞ്ഞൂലു പ്രവര്‍ത്തകന്‍ വരെ കൈ വെക്കും , ഫലം - ആളോഹരി വളരെ തുച്ചം , പിഴിച്ചിലിനു കാഠിന്യം കൂടും !!!
2 . ജനിക്കുമ്പോഴേ വായില്‍ വെള്ളികരണ്ടിയുമായാണ് രാജകുമാരന്മാര്‍ ജീവിതം തുടങ്ങുന്നത് , അതുകൊണ്ട് കാശ് ഇല്ലാത്തവന്‍ പണത്തോടു കാണിക്കുന്ന ആര്‍ത്തി ഒരിക്കലും പണക്കാരന് ഉണ്ടാവില്ല. ഇപ്പോഴത്തെ പല പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേരുമ്പോള്‍ പറയാന്‍ ഒരു ജോലി പോലും ഇല്ലത്താവര്‍ ആയിരിക്കും എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പണക്കാരന്‍ ആവുകയും മണിമാളിക കെട്ടി പൊക്കുകയും , മക്കളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യും.
3 . ജനാധിപത്യം എന്ന ആശയം ലോട്ടറി എന്ന് പറയും പോലെ മോഹിപ്പിക്കുന്നതാണ് - " നാളെ നിങ്ങള്‍ക്കും ആകാം ഭരണാധികാരി " എന്ന് ചില അധികാര മോഹികള്‍ പറഞ്ഞപ്പോള്‍
അതിന്റെ പല നല്ല വശങ്ങളും മാത്രം ചിന്തിച്ചു (അതിനു കഴിവുള്ള ചുരുക്കം ചിലര്‍ ) രാജാക്കന്മാരെ വലിച്ചു താഴെയിട്ടു .  ഫലം - സ്വാതന്ത്ര്യം കിട്ടിയിട്ട് 59 കൊല്ലം ആയിട്ടും നാടിനും നാട്ടുകാര്‍ക്കും ഒരു പുരോഗതിയും ഇല്ല. മാറ്റം ഉത്ഘോഷിച്ചവര്‍ പലരും സ്വജീവിതം നന്നാക്കി , ഗാന്ധിജി പറഞ്ഞ പോലെ " സ്വയം അങ്ങ് നന്നായിട്ട് മറ്റുള്ളവരെ നന്നാക്കിയാല്‍ പോരെ? " 
4 .  കല്യാണം കഴിഞ്ഞവര്‍ പറയുന്ന ഒരു വസ്തുത ഉണ്ട് , പ്രേമിച്ചു കല്യാണം കഴിക്കുന്നത്‌ കിണറ്റിലേക്ക് നമ്മള്‍ എടുത്തു ചാടുന്ന പോലെയാണ് ,  വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം - മറ്റുള്ളവര്‍ തള്ളിയിടുന്ന പോലെയും. ഏതാണ്ട് ഇതേ സ്വഭാവമാണ് ഭരണ കാര്യത്തിലും , നമ്മളായിട്ടു കാശു മുടക്കി ( തിരഞ്ഞെടുപ്പ് ചെലവ്) , ഖജനാവ് കാലിയാക്കാന്‍ കുറെ പേരെ ഇടയ്ക്കിടെ തെരഞ്ഞെടുത്തു വിടുന്നു. അവരവിടെ പണി തുടങ്ങുമ്പോള്‍ നമ്മള്‍ ഇവിടെ നെഞ്ചത്തടിച്ചു നിലവിളി തുടങ്ങുന്നു .
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത നാണം ഇല്ലാത്തവര്‍  - ജനം ഇതൊക്കെ കാണുമ്പോള്‍ " അടുത്ത തെരഞ്ഞെടുപ്പു വരട്ടെ കാണിച്ചു കൊടുക്കാം എന്ന് പറയുകയും തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ എല്ലാം സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്യുന്നു.  പാവം രാജാവ്‌, കക്ഷത്തിലുള്ളത് (അധികാരം) പോകുകയും ചെയ്തു ഉത്തരത്തില്‍ ഉള്ളത് (ജനാധിപത്യത്തിന്റെ ഗുണഫലം ) ജനങ്ങള്‍ക്ക്‌) )) കിട്ടിയതും ഇല്ല ...

നിങ്ങള്‍ എന്ത് പറയുന്നു ? 

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഐ,ടി :: ഇന്നത്തെ കാഴ്ച ...

ഇന്നു നീ നാളെ ഞാന്‍

ശീതീകരിച്ച ഈ മുറിയിലേക്ക് കയറുന്ന ആരുടെ കണ്ണുകളിലും പഴയ ആ തിളക്കമില്ല. അടുത്ത കാലത്തായി പല സുഹൃത് ബന്ധങ്ങളിലും വിള്ളല്‍ വീണു തുടങ്ങിയിരിക്കുന്നു. കൃത്രിമച്ചിരിയില്‍ പൊതിഞ്ഞുള്ള പുതിയ പല സുഹൃത് ബന്ധങ്ങളും തളിര്‍ക്കുന്നു. ആകെ വീര്‍പ്പു മുട്ടിക്കുന്ന അന്തരീക്ഷം. തിയതി ൧ ആയാല്‍ ശമ്പള ചീട്ടിനു പകരം അടുത്ത മാസത്തെ ബില്ലിംഗിലാണ് എല്ലാവരുടെയും കണ്ണുകള്‍. അതെ ഇതു ഐ ടി മേഖലയുടെ ഇന്നത്തെ മുഖചിത്രമാണ്.

കൊഴിഞ്ഞു പോക്ക് നാട്ടു നടപ്പാണ് എങ്ങിലും ഇവിടെയത് ഭീകരമാണ്. ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ പലതും പ്രതാപ കാലത്തിന്റെ തിരുശേഷിപ്പുകലാണ് . ചായ സമയത്തെ കുശലാന്വേഷണം പോലും സ്വന്തം പദവി ഉറപ്പിക്കാനുള്ള തത്രപ ഭാഗം മാത്രം. ഇവിടെയിപ്പോള്‍ പൊന്‍ പണത്തിന്റെ തിളക്കമില്ല, സാമ്പത്തികമാന്ദ്യം ഞെക്കിപ്പിഴിഞ്ഞ ശമ്പള ചീട്ടില്‍ ബാക്കിയുള്ള നക്കാപ്പിച്ച എത്രയെന്നു നോക്കാന്‍ പോലും ആരും മേനകെടാറില്ല.

നിര്‍ത്താതെ ചിലച്ച്$ഇരുന്ന എന്റെ മൊബൈല് ഫോണ്‍ ഇപ്പോള്‍ ദീര്‍ഘ സുഷുപ്തിയിലാണ്. വന്‍ കിട ബാങ്കുകളുടെ കസ്റ്റമര്‍ കെയറില്‍ നിന്നും ക്രെഡിറ്റ്‌ കാര്‍ഡും ലോണും തരാമെന്നു പറഞ്ഞുള്ള കിളിനാദങ്ങളും പാടെ നിലച്ചു. ഇപ്പോള്‍ മൊബൈല് ചിലച്ചാല്‍ എല്ലാവരും സംശയത്തോടെ തിരിഞ്ഞു നോക്കും. കിടമത്സരം നിലനില്ക്കുന്ന അടുത്ത സ്ഥാപനത്തില്‍ നിന്നുള്ള ജോലി വാഗ്ദാനമാകാം എന്നുള്ളതാണ് സംശയത്തിന് കാരണം. കാമുകിയുടെതാനെന്നു പറഞ്ഞാല്‍ പോലും സംശയത്തിന്റെ വളവ് ആ പുരികങ്ങളില്‍ കാണാം.

പടികളിറങ്ങി താഴെ ചെന്നാല്‍ കഫെയില്‍ പതിവിലും കൂടുതല്‍ തിരക്ക്‌. സ്ഥാപനത്തിന്റെ അംഗസംഖ്യ കൂടിയതല്ല കാരണം, പണിയില്ലാതെ ബെഞ്ചില്‍ ഇരികുന്നവരുടെ സൊറ പറച്ചില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും തീര്‍ന്നിട്ടില്ല. ഇനിയെന്ത്‌ എന്നറിയാതെ ദീര്‍ഘ കാലം സംത്രിപ്തിയോടെ ശമ്പളം വാങ്ങിയിരുന്നവരോദ് പെട്ടി പൂട്ടി കൊള്ളാന്‍ മാനുഷികവിഭവത്തിന്റെ കാര്യകാരന്‍ പറഞ്ഞ തുടങ്ങി. "ഇന്ന നീ നാളെ ഞാന്‍" എന്നുള്ളതാണ് ഇവിടത്തെ ആപ്തവാക്യം.

ഒന്നു സമാധാനത്തിനായി നാട്ടിലേക്ക് പോകാമെന്ന് വിചാരിച്ചാലോ?!, "പണിയൊന്നുമില്ലേ?, കുറെ നാളായല്ലോ ഇവിടെ" എണ്ണ ചോദ്യശരം തയ്യാറായി ഇരുപ്പുണ്ടാവും. കൂടെ ആരോടെന്നില്ലാത്ത കമെന്റും "എല്ലാവര്ക്കും എഞ്ചിനീയറിംഗ് പടിക്കാഞ്ഞിട്ടായിരുന്നു, ഇപ്പൊ കണ്ടില്ലേ!!".

എന്തൊക്കെ പറഞ്ഞാലും 'അമേരിക്ക' എന്നുള്ള തീവ്രവികാരം കുറയ്ക്കാന്‍ ഈ പ്രതിസന്ധി സഹായിച്ചു. പലരും ഭാരതാംബയുടെ സാന്ത്വനം തേടി തിരികെ വന്നു തുടങ്ങി.

ഈ മേഖലയിലെ ശബ്ദ താരാവലിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാക്കാണ്‌ "പാര്‍ട്ടി" അതിന് പകരം "ഡച്ച്‌ പാര്‍ട്ടി " പ്രചാരം നേടി വരുന്നു. ഇതെല്ലാം കാണുമ്പോള്‍ പഴയ രണ്ടുവരി കവിത ഓര്‍മ വരുന്നു. "അധിക തുംഗ പദതിലെത്ര ശോഭിച്ചിരുന്നു നീ ...". ഓ ..സമയം പോയി... "തൊഴിലാളിയാണ് താരം" എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടു വീണ്ടും മുതലാളിയുടെ കത്ത്. ഡിലീറ്റ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്തിട്ട് ഞാന്‍ വീണ്ടും ആ വിരസത നിറഞ്ഞ ലോകത്തിലേക്ക്‌ തിരിച്ചു പോകുന്നു.

2012, മാർച്ച് 31, ശനിയാഴ്‌ച

ചില തോന്നലുകള്‍ - ശാപം, സംസ്കാരം, ഭാവി


          

നമ്മുടെ നാടിന്റെ ശാപം എന്താണെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരം ആയിരിക്കും; അഴിമതി , ദാരിദ്യം, സ്ത്രീധനം, ഭ്രൂണഹത്യ , പീഡനങ്ങള്‍ , രാഷ്ട്രീയക്കാര്‍ , പലതരം മലിനീകരണങ്ങള്‍ , തൊഴിലില്ലായ്മ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. പക്ഷെ ഇതെല്ലാം രോഗലക്ഷണങ്ങള്‍ മാത്രമല്ലേ? ചികിത്സ വേണ്ടത് രോഗത്തിനല്ലേ?!

               കെങ്കേമം എന്ന് നമ്മള്‍ ഊറ്റം കൊണ്ടിരുന്ന സംസ്കാരത്തിന് എന്ത് സംഭവിച്ചു? ജാതി-മതഭേദമന്ന്യേ രാഷ്ട്ര പുരോഗതിക്ക്‌ വേണ്ടി പ്രവത്തിക്കേണ്ട യുവതലമുറ യ്ക്ക് ദിശാബോധം തീരെയില്ല; ഇല്ല എന്ന് പറഞ്ഞാല്‍ മാത്രം പോരാ, പോകുന്നത് പലതും വഴിതെറ്റിയാണ്. വഴിതെറ്റല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് മദ്യവും ലഹരി മരുന്നുകളും ആണ് ; എന്നാല്‍ അതാണോ യഥാര്‍ത്ഥ വഴിതെറ്റല്‍ ?

വഴിതെറ്റി എന്നറിയണമെങ്കില്‍ ആദ്യം എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയേണ്ടേ ?

                             ജോലി , കുടുംബം , ഒരുപാടു സ്വത്ത് - ഇതിനപ്പുറത്തേക്ക് സ്വപനം കാണുന്ന  എത്ര യുവതീയുവാക്കളുണ്ട്? അതിനപ്പുറത്തേക്ക് എന്തെങ്കിലും വേണമെന്ന് തോന്നല്‍ പോലും പലര്‍ക്കും ഇല്ല. കുറ്റം ഇവരുടെതാണോ (നമ്മുടെതാണോ)?! വിദ്യാഭ്യാസം - ഒരു രാജ്യത്തിന്റെ നട്ടെല്ല് എന്ന് തന്നെ അതിനെ വിളിക്കാം.  ആ അഭ്യാസം വെറും സര്‍ട്ടിഫിക്കറ്റ് നേടാന്‍ മാത്രമാകുന്നില്ലേ ? നമ്മള്‍ ഭാഷ പഠിക്കുന്നു, ശാസ്ത്രം പഠിക്കുന്നു , ചരിത്രം പഠിക്കുന്നു , ഗണിതം പഠിക്കുന്നു; പക്ഷെ എവിടെയും സംസ്കാരം പഠിക്കുന്നില്ല.

    തേവള്ളിപറമ്പില്‍ ജോസഫ്‌ അലക്സ്‌ പറഞ്ഞ പോലെ , "അക്ഷരങ്ങള്‍ അച്ചടിച്ച്‌ കൂട്ടിയ പുസ്തകത്താളില്‍ നീ കണ്ട ഇന്ത്യ അല്ല യഥാര്‍ത്ഥ ഇന്ത്യ!!! " ആ സംസ്കാരം പഠിക്കാന്‍ ആരും മെനക്കെടുന്നില്ല.

                   ഇപ്പോള്‍ യുവത്വത്തിന് ലഭിക്കുന്ന സാംസ്കാരിക-പഠന-കാപ്സ്യൂള്‍ , വര്‍ഗീയ വിഷം കുത്തി വെച്ച ഫലങ്ങള്‍ അല്ലെ? ഹിന്ദുവിന്റെ സംസ്കാരമെന്നും ക്രിസ്ത്യാനിയുടെ സംസ്കാരമെന്നും, മുസല്‍മാന്റെ സംസ്കാരമെന്നും അല്ലാതെ ഒരു രാഷ്ട്രത്തിനെ സംസ്കാരം എന്നൊന്ന്! , എവിടെയെങ്കിലും മഷിയിട്ടു നോക്കിയാല്‍ പോലും അങ്ങനൊന്നു  എടുക്കാനില്ല. രാഷ്ട്രബോധം - രാഷ്ട്രീയം വേണമെന്ന് ആര്‍ക്കും ഇല്ല , പാര്‍ട്ടിയുടെ മൂല്യങ്ങള്‍ അറിയാതെ കയ്യൂക്കും  പ്രസിദ്ധിയും , കഴിയുമെങ്കില്‍ മേലനങ്ങാതെ കാലം കഴിക്കാനുള്ള 
"വഹ"യും  ഉണ്ടാക്കാനാണ് പലരും ഖദര്‍ ഇടുന്നത്.

                          ആഹാരം , വസ്ത്രം , പാര്‍പ്പിടം , സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസം ; ഒരു മനുഷ്യന്റെ അവകാശങ്ങള്‍ ഇത്രയും മാത്രമാണ് എന്നാല്‍ നമുക്ക് ഇത്ര മതിയോ?  മക്കളെ വളര്‍ത്തുമ്പോള്‍ ഇതുമാത്രം ചെയ്‌താല്‍ മാതാപിതാക്കന്മാരുടെ കടമ അവസാനിക്കുമോ? അധ്യാപകരുടെ കടമ അവസാനിക്കുമോ? ഒരു പൌരന്‍ എന്നാ നിലയില്‍ നമ്മള്‍ ഓരോരുത്തരുടെയും കടമ അവസാനിക്കുന്നുണ്ടോ?

ആഗോളവല്‍ക്കരണത്തിന്റെ തിക്തഫലങ്ങളില്‍ ഒന്നാണോ സംസ്കാരങ്ങളുടെ നാശം?! എന്തും - വേണം വേണം എന്ന് പറയുന്ന നമുക്ക് "വേണ്ട " എന്ന് പറയാന്‍ നാവു പോന്താതെ ആയോ ?

സ്വത്വം നഷ്ടപെട്ട തലമുറകള്‍ ആണോ നമ്മെ കാത്തിരിക്കുന്നത്?

2012, മാർച്ച് 28, ബുധനാഴ്‌ച

എഴുത്തുകാരന്‍

നല്ലൊരു എഴുത്തുകാരന്‍ നല്ലൊരു വായനക്കാരന്‍ കൂടി ആയിരിക്കണം എന്ന് പ്രസിദ്ധനായ ആരോ പറഞ്ഞിരുന്നു, ഇല്ലെങ്കില്‍ എന്റെ പേരില്‍ എഴുതിക്കോ !
 
                                                "വായിച്ചു വളര്‍ന്നാല്‍ വിളയും അല്ലേല്‍ വളയും", ഇങ്ങനെ പറഞ്ഞത് കുഞ്ഞുണ്ണിമാഷ്‌ തന്നെ; അപ്പൊ പറഞ്ഞു വന്ന കാര്യം- കുറച്ചധികം.... എഴുതി തന്നെ തെളിയാം എന്ന് വിചാരിക്കുന്നു. എന്താ അഭിപ്രായം?

എഴുത്ത് എന്തിനെ കുറിച്ചാണെന്ന് സ്വാഭാവികമായും സംശയം തോന്നിയേക്കാം - ചില സൂചനകള്‍ മാത്രം നല്‍കാം. "ആരാണ് ഞാന്‍? - പലരും അന്വേഷിച്ചിട്ടും ഉത്തരം ഇല്ലാത്ത ആ ചോദ്യത്തിന് എന്റെ വിവരക്കേടില്‍ തോന്നുന്ന ചില കാര്യങ്ങള്‍ , ചില വെറും തോന്നലുകള്‍ "

ഒരുപക്ഷെ എങ്ങും എത്താതെ പോയേക്കാവുന്ന മറ്റൊരു ആരംഭം; ആരംഭശൂരത്വം - കയ്പേറിയ ആ സത്യം തുറന്നു സമ്മതിക്കാന്‍ ഇന്നെന്‍റെ മനസിന്‌ കഴിയുന്നുണ്ട്. അത്ഭുതം !!!

തുടര്‍ന്നും വായിക്കുക ...