2013, ഓഗസ്റ്റ് 4, ഞായറാഴ്‌ച

പരാദങ്ങൾ


കേരളത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒഴിച്ച് ബഹുഭൂരിഭാഗം പ്രദേശങ്ങൾക്കുമന്യമായ ഒന്നാണ് നല്ല റോഡുകൾ. വാഹനബാഹുല്യത്താൽ റോഡുകൾ ശ്വാസംമുട്ടുമ്പോൾ തദ്വാരാ ലഭിച്ച റോഡ്‌ നികുതി പണം വേണ്ട വിധം ഉപയോഗിക്കാത്തതിന്റെ ഫലമാണ് തകർന്ന റോഡുകൾ.

റോഡുകൾ തകരാനുള്ള പ്രധാനകാരണം നിർമാണത്തിലുള്ള വൈകൃതം ആണ്; അത് സാങ്കേതികമായ വൈദഗ്ദ്യക്കുറവോ  മേൽനോട്ടത്തിൽ വന്ന പിശകോ കൊണ്ടല്ലെന്ന് തന്നെ ഞാൻ വിശ്വസിക്കന്നു. തെറ്റില്ലാത്ത ഒരു ലാഭം , അത് ഏതു കച്ചവടക്കാരനെയും പോലെ PWD ജോലി ഏറ്റെടുത്ത കോണ്ട്രാക്ടറും അർഹിക്കുന്നു.  പക്ഷെ ആ ലാഭത്തിന്റെ അവിഹിതമായ പങ്കുപറ്റാൻ  ചിലർ സർക്കാർ ജീവനക്കാർ ശ്രമിക്കുന്നത് കൊണ്ടാവാം ആ കുറവു നികത്താൻ അസാന്മാർഗിക രീതികൾ പലരും കൈക്കൊള്ളുന്നത്.

സിനിമ നടൻ ജയസൂര്യ റോഡിലെ കുഴി നികത്താൻ ഇറങ്ങിയപ്പോൾ ഉണ്ടായ വിവാദത്തിന്റെ ചുവടു പിടിച്ചു പല സുഹൃത്തുക്കളും ചില സംഘടനകളും " ഇനി റോഡ്‌ പണിയുന്നത് ജനങ്ങളുടെ മേൽനോട്ടത്തിൽ മതി " എന്ന് പറഞ്ഞു കണ്ടു.  അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ - ഈ പ്രവര്ത്തി കൊണ്ട് ഊർജ്ജനഷ്ടം ഒഴികെ മറ്റൊരു ഗുണവും ഞാൻ കാണുന്നില്ല. ഒരാളെ അയാളുടെ ജോലി സ്വതന്ത്രമായി ചെയ്യാൻ അനുവദിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ ; അതിനൊരു മേൽനോട്ടക്കാരൻ എന്നത് മാനസികമായി അയാളോടുള്ള അവിശ്വാസ്യതയുടെ പ്രതീകമാണ്‌; ഇവിടെ യഥാർത്ഥ കുറ്റക്കാർ (അല്ലെങ്കിൽ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവർ) നമ്മളിൽ ഒരുവനായി ഭാവിച്ചു, രഹസ്യമായി നമ്മുടെ രക്തമൂറ്റി കുടിച്ചു രസിക്കുമ്പോൾ , അവർ ചൂണ്ടിക്കാട്ടുന്ന വിജനമായ ഇരുണ്ട കോണിലേക്ക് കല്ലെറിഞ്ഞു സമാധാനപ്പെട്ടിരിക്കണോ നാം ?!

അഴിമതിയിൽ മുങ്ങിക്കുളിച്ച അനേകം ഭരണകർത്താക്കൾ നമുക്കുള്ളപ്പോൾ തന്നെ , ജനങ്ങളോടു കൂറുള്ള പലരും ഇവിടെയുണ്ടെന്ന വസ്തുത വിസ്മരിച്ചു കൂടാ.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള എല്ലാ
ഭരണാധികാരികളും അഴിമതിക്കാർ ആണെന്ന് പറയാനാവില്ല. അങ്ങനെയിരിക്കെ ആപേക്ഷികമായി ഒരു ജനപ്രതിധിയുടെ പ്രവിശ്യ മെച്ചമാണ് എന്നതിനപ്പുറം  , ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള അത്യുത്തമമായ ഒരു ഭരണം കാഴ്ച വെയ്ക്കാൻ പലർക്കും കഴിയാതെ പോകുന്നു (മഹാബലി നാട് എന്ന സങ്കല്പം). പലപ്പോഴും ജനങ്ങളുടെ പ്രതികരണങ്ങൾ മതിലിനോടെന്ന പോലെ , അർത്ഥശൂന്യമായ , അബദ്ധജടിലങ്ങളായ 
നേരമ്പോക്കുകൾ ആകുന്നു.

എന്താണിതിനൊരു പോംവഴി? ആരാണ് യഥാർത്ഥത്തിൽ  നമ്മുടെ ശത്രു?

ഒറ്റവാക്കിൽ ഇതിനൊരുത്തരം അസാധ്യമാണ്.  ഒരുപാട് പ്രശ്നങ്ങളുണ്ട് നമുക്ക്; അതിലെ കുറ്റക്കാർ പലതും പലരാണ്.  ഭരണാധികാരികൾ എന്ന സ്ഥിരം പല്ലവിയിൽ നിന്ന് മാറിച്ചിന്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത് ; കാരണം കാലാകാലങ്ങളായി പലരും മാറി വന്നിട്ടും ഒരിക്കൽ പോലും നാം സ്വപ്നം കാണുന്ന മാറ്റത്തിന്റെ നേർത്ത കിരണം പോലും ദൃശ്യമായില്ല. നമ്മൾ ഇരുളിൽ നില്ക്കുന്നൊരു ജനതയാണ് - നമ്മുടെ ശത്രുവും നമ്മുടെ കൂടെ ഈ ഇരുളിൽ എവിടെയോ ഉണ്ട് , പ്രകാശപൂർണമായ അങ്കത്തട്ടിലേക്ക് നാം കയറിച്ചെന്നാൽ മാത്രമേ നമ്മുടെ എതിരാളിയും മറനീക്കി വെളിച്ചത്ത് വരൂ. വെളിച്ചത്തെ ഭയന്ന് ഇരുളിൽ കഴിയുന്ന , ഇരുളിന്റെ മറവിൽ നമ്മെക്കൊല ചെയ്യുന്ന ശത്രുവിന്റെ ആ പേടി നമ്മൾ ചൂഷണം ചെയ്യണം.

നാം ഉടനടി ചെയ്യേണ്ട രണ്ടു കാര്യങ്ങൾ
 1. നമുക്കിടയിലുള്ള പരാദങ്ങളെ നാം തിരിച്ചറിയണം , അവയെ നിലക്ക് നിർത്തണം.
 2. നമ്മുടെ മടിശ്ശീലയിലുള്ള ദ്വാരങ്ങൾ എത്രയും വേഗം അടയ്ക്കണം - നികുതിപ്പണം ചോർന്നു പോകുന്നത് തടയാതെ ജനങ്ങളുടെ ചോരയൂറ്റി കൂടുതൽ നികുതി പിരിക്കുന്നത് മണ്ടത്തരമാണ്.
പരാദങ്ങളും അവ ഉണ്ടാകുന്ന പ്രശ്നങ്ങളും 

നമ്മുടെ ശോച്യാവസ്ഥയിൽ ഉള്ള റോഡുകൾ തന്നെ ഉദാഹരണം ആയി എടുക്കാം.  ഗുണമേന്മകുറഞ്ഞ നിർമാണം മൂലം തകരുന്ന റോഡുകൾ പോലെ തന്നെ പ്രശ്നമേറിയതാണ് മറ്റു ജോലികൾക്കായി നടത്തുന്ന റോഡ്‌ പൊളിക്കൽ. റോഡ്‌ പൊളിക്കൽ അനിവാര്യമായ ഒരു വസ്തുതയാണ് എന്നതിൽ ഇവിടെ തർക്കമില്ല ; എന്നാൽ റോഡ്‌ പൊളിക്കാൻ അനുവാദം കൊടുക്കുമ്പോൾ അത് പുനർനിർമ്മിക്കാൻ ഉള്ള തുകയും ആ അപേക്ഷകനിൽ നിന്ന് ഈടാക്കേണ്ടതാണ്. ഇന്ന് പല റോഡ്‌ പരിപാലനത്തിനും തുരംഗം വെയ്ക്കുന്നത് ധനക്കമ്മിയാണ്. ആ തുക സർക്കാർ ഖജനാവിലേക്ക് എത്തിക്കേണ്ട സർക്കാർ ഉദ്യോഗസ്തന്മാർ കാട്ടുന്ന അലംഭാവം എവിടെയും ചോദ്യം ചെയ്യപ്പെടുന്നില്ല.  ഇവർക്കെതിരെ ശക്തമായ നിയമനടപടി എടുത്താൽ ഈ ധനക്കമ്മി താനേ അപ്രത്യക്ഷമാകും.

സാമ്പത്തികച്ചോർച്ച
ഇവിടെ മറ്റൊരു ഉദാഹരണം നോക്കാം ; RTI , വിവരാവകാശ നിയമപ്രകാരം കുറച്ച് നാൾ മുൻപ് ദേവസ്വം ബോർഡിന് പത്തു രൂപ ഫീസ്‌ അടച്ചു ഞാൻ ഒരു അപേക്ഷ സമർപ്പിക്കുക ഉണ്ടായി.  നാളിതു വരെ മൂന്ന് മറുപടിയാണ് അതിനെനിക്കു കിട്ടിയത് , മൂന്നും വകുപ്പ്മേധാവി അതാതു വകുപ്പുകളിലേക്ക് എന്റെ ചോദ്യങ്ങൾ അയച്ചു കൊടുത്തതിന്റെ കോപ്പി. വിവരം ചോദിക്കുന്നവരെ ചോദ്യങ്ങളിൽ ഉള്ള പുരോഗതി അറിയിക്കുന്നത് നല്ലത് തന്നെ , പക്ഷെ തന്മൂലം ഉണ്ടാകുന്ന നഷ്ടം കൂടി നമ്മൾ പരിഗണിക്കണം.   മൂന്ന് മറുപടിക്കുമായി തപാൽ കവർ ഇനത്തിൽ മാത്രം 15 രൂപ ചെലവായി , പിന്നെ മറുപടി എഴുതിയ കടലാസ് , അത് തയ്യാറാക്കാൻ ഉദ്യോഗസ്ഥരുടെ ശമ്പളം തുടങ്ങി പ്രത്യക്ഷ ത്തിൽ നിസ്സാരം എന്ന് തോന്നുമെങ്കിലും ഫലത്തിൽ നഷ്ടം വരുന്ന മറ്റു കാര്യങ്ങൾ .  ഇത് വരെയായിട്ടും എന്റെ ചോദ്യങ്ങൾക്ക് മറുപടി വന്നില്ല; ഈ മൂന്ന് വകുപ്പുകളും വെവേറെ മറുപടി അയച്ചാൽ എന്റെ ഒരു അപേക്ഷയിൽ നിന്ന് മാത്രം ഖജനാവിനു നഷ്ടം 20 രൂപ (5 + (5x3)) ഇനി വകുപ്പ് മേധാവി ഉത്തരങ്ങൾ സമന്വയിപ്പിച്ചു അയച്ചാൽ നഷ്ടം 10 രൂപ. ഇത് പോലെ എത്രയെത്ര കാര്യങ്ങൾ ദിവസേന നടക്കുന്നു ?!


അഴിമതി സമൂഹത്തിന്റെ നാനാതുറകളിൽ നിലനില്ക്കുന്നുവെന്നതും പണം ഒരു പരിധിക്കപ്പുറവും നീതിന്യായവ്യവസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകമാണെന്നുള്ളതും  മറന്നു കൊണ്ടു മതിലുകളോടു നാം നടത്തുന്ന ജല്പനം നിർത്താം .

2 അഭിപ്രായങ്ങൾ:

 1. ഇപ്പോൾ കേരളത്തിൽ രാഷ്ട്രീയ ഗെയ്മിങ്ങാണ് നടക്കുന്നത്
  ഭരണം ഇല്ലാ
  ഇതിന്റെ ഉത്തരവാദിത്ത്വം എല്ലാ രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കണം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യമാണ് . പക്ഷെ രാഷ്ട്രീയ അസ്വസ്ഥതകൾ മാത്രമാണോ നമ്മൾ നേരിടുന്ന പ്രശ്നം?
   നമുക്ക് രാഷ്ട്രീയനേതൃത്വത്തെ നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് മുഖേന ഒരു വഴി ഉണ്ടെങ്കിലും പലപ്പോഴും നമ്മൾ അവസരങ്ങൾ വിനിയോഗിക്കാറില്ല. ഇവിടെയുള്ള മറ്റു പ്രശ്നങ്ങളെക്കുറിച്ച് ഒരു ചർച്ച പോലും ഉണ്ടാകാത്തത് നിരാശാജനകമാണ്.

   ഇല്ലാതാക്കൂ