2012, മാർച്ച് 31, ശനിയാഴ്‌ച

ചില തോന്നലുകള്‍ - ശാപം, സംസ്കാരം, ഭാവി


          

നമ്മുടെ നാടിന്റെ ശാപം എന്താണെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരം ആയിരിക്കും; അഴിമതി , ദാരിദ്യം, സ്ത്രീധനം, ഭ്രൂണഹത്യ , പീഡനങ്ങള്‍ , രാഷ്ട്രീയക്കാര്‍ , പലതരം മലിനീകരണങ്ങള്‍ , തൊഴിലില്ലായ്മ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. പക്ഷെ ഇതെല്ലാം രോഗലക്ഷണങ്ങള്‍ മാത്രമല്ലേ? ചികിത്സ വേണ്ടത് രോഗത്തിനല്ലേ?!

               കെങ്കേമം എന്ന് നമ്മള്‍ ഊറ്റം കൊണ്ടിരുന്ന സംസ്കാരത്തിന് എന്ത് സംഭവിച്ചു? ജാതി-മതഭേദമന്ന്യേ രാഷ്ട്ര പുരോഗതിക്ക്‌ വേണ്ടി പ്രവത്തിക്കേണ്ട യുവതലമുറ യ്ക്ക് ദിശാബോധം തീരെയില്ല; ഇല്ല എന്ന് പറഞ്ഞാല്‍ മാത്രം പോരാ, പോകുന്നത് പലതും വഴിതെറ്റിയാണ്. വഴിതെറ്റല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് മദ്യവും ലഹരി മരുന്നുകളും ആണ് ; എന്നാല്‍ അതാണോ യഥാര്‍ത്ഥ വഴിതെറ്റല്‍ ?

വഴിതെറ്റി എന്നറിയണമെങ്കില്‍ ആദ്യം എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയേണ്ടേ ?

                             ജോലി , കുടുംബം , ഒരുപാടു സ്വത്ത് - ഇതിനപ്പുറത്തേക്ക് സ്വപനം കാണുന്ന  എത്ര യുവതീയുവാക്കളുണ്ട്? അതിനപ്പുറത്തേക്ക് എന്തെങ്കിലും വേണമെന്ന് തോന്നല്‍ പോലും പലര്‍ക്കും ഇല്ല. കുറ്റം ഇവരുടെതാണോ (നമ്മുടെതാണോ)?! വിദ്യാഭ്യാസം - ഒരു രാജ്യത്തിന്റെ നട്ടെല്ല് എന്ന് തന്നെ അതിനെ വിളിക്കാം.  ആ അഭ്യാസം വെറും സര്‍ട്ടിഫിക്കറ്റ് നേടാന്‍ മാത്രമാകുന്നില്ലേ ? നമ്മള്‍ ഭാഷ പഠിക്കുന്നു, ശാസ്ത്രം പഠിക്കുന്നു , ചരിത്രം പഠിക്കുന്നു , ഗണിതം പഠിക്കുന്നു; പക്ഷെ എവിടെയും സംസ്കാരം പഠിക്കുന്നില്ല.

    തേവള്ളിപറമ്പില്‍ ജോസഫ്‌ അലക്സ്‌ പറഞ്ഞ പോലെ , "അക്ഷരങ്ങള്‍ അച്ചടിച്ച്‌ കൂട്ടിയ പുസ്തകത്താളില്‍ നീ കണ്ട ഇന്ത്യ അല്ല യഥാര്‍ത്ഥ ഇന്ത്യ!!! " ആ സംസ്കാരം പഠിക്കാന്‍ ആരും മെനക്കെടുന്നില്ല.

                   ഇപ്പോള്‍ യുവത്വത്തിന് ലഭിക്കുന്ന സാംസ്കാരിക-പഠന-കാപ്സ്യൂള്‍ , വര്‍ഗീയ വിഷം കുത്തി വെച്ച ഫലങ്ങള്‍ അല്ലെ? ഹിന്ദുവിന്റെ സംസ്കാരമെന്നും ക്രിസ്ത്യാനിയുടെ സംസ്കാരമെന്നും, മുസല്‍മാന്റെ സംസ്കാരമെന്നും അല്ലാതെ ഒരു രാഷ്ട്രത്തിനെ സംസ്കാരം എന്നൊന്ന്! , എവിടെയെങ്കിലും മഷിയിട്ടു നോക്കിയാല്‍ പോലും അങ്ങനൊന്നു  എടുക്കാനില്ല. രാഷ്ട്രബോധം - രാഷ്ട്രീയം വേണമെന്ന് ആര്‍ക്കും ഇല്ല , പാര്‍ട്ടിയുടെ മൂല്യങ്ങള്‍ അറിയാതെ കയ്യൂക്കും  പ്രസിദ്ധിയും , കഴിയുമെങ്കില്‍ മേലനങ്ങാതെ കാലം കഴിക്കാനുള്ള 
"വഹ"യും  ഉണ്ടാക്കാനാണ് പലരും ഖദര്‍ ഇടുന്നത്.

                          ആഹാരം , വസ്ത്രം , പാര്‍പ്പിടം , സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസം ; ഒരു മനുഷ്യന്റെ അവകാശങ്ങള്‍ ഇത്രയും മാത്രമാണ് എന്നാല്‍ നമുക്ക് ഇത്ര മതിയോ?  മക്കളെ വളര്‍ത്തുമ്പോള്‍ ഇതുമാത്രം ചെയ്‌താല്‍ മാതാപിതാക്കന്മാരുടെ കടമ അവസാനിക്കുമോ? അധ്യാപകരുടെ കടമ അവസാനിക്കുമോ? ഒരു പൌരന്‍ എന്നാ നിലയില്‍ നമ്മള്‍ ഓരോരുത്തരുടെയും കടമ അവസാനിക്കുന്നുണ്ടോ?

ആഗോളവല്‍ക്കരണത്തിന്റെ തിക്തഫലങ്ങളില്‍ ഒന്നാണോ സംസ്കാരങ്ങളുടെ നാശം?! എന്തും - വേണം വേണം എന്ന് പറയുന്ന നമുക്ക് "വേണ്ട " എന്ന് പറയാന്‍ നാവു പോന്താതെ ആയോ ?

സ്വത്വം നഷ്ടപെട്ട തലമുറകള്‍ ആണോ നമ്മെ കാത്തിരിക്കുന്നത്?

2012, മാർച്ച് 28, ബുധനാഴ്‌ച

എഴുത്തുകാരന്‍

നല്ലൊരു എഴുത്തുകാരന്‍ നല്ലൊരു വായനക്കാരന്‍ കൂടി ആയിരിക്കണം എന്ന് പ്രസിദ്ധനായ ആരോ പറഞ്ഞിരുന്നു, ഇല്ലെങ്കില്‍ എന്റെ പേരില്‍ എഴുതിക്കോ !
 
                                                "വായിച്ചു വളര്‍ന്നാല്‍ വിളയും അല്ലേല്‍ വളയും", ഇങ്ങനെ പറഞ്ഞത് കുഞ്ഞുണ്ണിമാഷ്‌ തന്നെ; അപ്പൊ പറഞ്ഞു വന്ന കാര്യം- കുറച്ചധികം.... എഴുതി തന്നെ തെളിയാം എന്ന് വിചാരിക്കുന്നു. എന്താ അഭിപ്രായം?

എഴുത്ത് എന്തിനെ കുറിച്ചാണെന്ന് സ്വാഭാവികമായും സംശയം തോന്നിയേക്കാം - ചില സൂചനകള്‍ മാത്രം നല്‍കാം. "ആരാണ് ഞാന്‍? - പലരും അന്വേഷിച്ചിട്ടും ഉത്തരം ഇല്ലാത്ത ആ ചോദ്യത്തിന് എന്റെ വിവരക്കേടില്‍ തോന്നുന്ന ചില കാര്യങ്ങള്‍ , ചില വെറും തോന്നലുകള്‍ "

ഒരുപക്ഷെ എങ്ങും എത്താതെ പോയേക്കാവുന്ന മറ്റൊരു ആരംഭം; ആരംഭശൂരത്വം - കയ്പേറിയ ആ സത്യം തുറന്നു സമ്മതിക്കാന്‍ ഇന്നെന്‍റെ മനസിന്‌ കഴിയുന്നുണ്ട്. അത്ഭുതം !!!

തുടര്‍ന്നും വായിക്കുക ...