2010, ജൂലൈ 14, ബുധനാഴ്‌ച

ചിന്താവിഷ്ടനായ രാമന്‍


ദേവപ്രതാപിന്റെ വെടിയെറ്റു ആഴങ്ങലിലേക്കു വീണുപോകുന്ന ബീര. ബീരയെ നോക്കി അലറിക്കരയുന്ന രാഗിണി. ഈ ദേവാസുര യുദ്ധത്തിൽ രാമനാര്‌ രക്ഷസനാര്‌ എന്ന ബീരയുടെ ചോദ്യത്തിനുത്തരം ആരാണു നൽകേണ്ടതു?
"രാമായണ കഥയുടെ ഒരു തനിയാവർത്തനം ആധുനിക കാലഘട്ടത്തിൽ നടക്കുകയാണെങ്കിൽ ഒരു അഗ്നി പരീക്ഷയ്ക്കു സീത തയ്യാറാകുമോ?" എന്ന ചോദ്യത്തിനുത്തരമാണു മണിരത്നത്തിന്റെ രാവൺ/രാവണൻ. സീതാ ദേവിയും രാഗിണിയും ഭാരതത്തിന്റെ രണ്ടു കാലഘട്ടങ്ങളിലെ സ്ത്രീത്ത്വത്തിന്റെ വക്താക്കളാണ്‌. ഭാരത സ്ത്രീത്ത്വത്തിനുണ്ടായ മാറ്റമായിരിക്കണം ഈ സർഗസൃഷ്ടിക്കു പിന്നിൽ.

കർമ്മം കൊണ്ടു ദേവനാണു ബീരയും ദേവപ്രതാപും. ആസുരഭാവം രാഗിണിയ്ക്കില്ലെങ്കിലും കഥയിലെ പ്രതിനായക സ്ഥാനം രാഗിണിക്കു തന്നെ. രാമയണത്തിൽ, രാവണ നിഗ്രഹം കഴിഞ്ഞെത്തിയ ശ്രീരാമൻ സദാചാരത്തിന്റെ പേരിൽ സീതാ ദേവിയുടെ പാതിവൃത്ത്യത്തെ സംശയിച്ച നടപടി ഇന്നും ദഹിക്കാതെ കിടക്കുമ്പോഴാണ് 'രാവണൻ' എത്തുന്നതു.
പുതിയ പതിപ്പിൽ രാഗിണിയെ അവിശ്വസിക്കുന്നതായി ഭാവിക്കുന്ന ദേവ്‌, ശ്രീരാമ കഥയിലെ അജീർണത്ത്വം ഇല്ലാതാക്കി. രാവണൻ അന്നുമിന്നും തന്റേതായ ശരികളിൽ ജീവിച്ചു മരിക്കുന്നു. മഹത്തായ ഏതിനോടും തോന്നുന്ന അഭിവാജ്ഞ അതായിരുന്നു രാവണനു സീത.

സ്വന്തം ഭർത്താവിൽ നിന്നും അവിശ്വാസത്തിന്റെ വാക്‌ ശരമേൽക്കുന്ന രാഗിണി ഒന്നു പകച്ചുവെങ്കിലും ബീരയുടെ വെളിപ്പെടുത്തലായി ദേവ്‌ പറയുന്നതൊന്നും വിശ്വസിക്കുന്നില്ല. ഒരിക്കലും ബീരയ്ക്കു അങ്ങനൊരു അഭിപ്രായം തന്നെകുറിച്ചു ഉണ്ടാകില്ലെന്ന ഉത്തമ ബോധ്യം രാഗിണിയെ ബീരയിലേക്കെത്തിക്കുന്നു.

സ്വന്തം ഭാര്യയുടെ സൗന്ദ്യര്യം കാണണമെങ്കിൽ അയൽക്കരന്റെ കണ്ണിലൂടെ നോക്കണമെന്നു പഴമൊഴി ശരിയെന്നു സങ്കൽപ്പിക്കുന്ന രാഗിണിമാർ സ്വന്തം ഭർത്താവിനും അയാളുടെ വിശ്വാസങ്ങൾക്കും വില കുറച്ചു കാണുകയാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. "ഭാരത സ്ത്രീകൾതൻ ഭാവശുദ്ധി" എന്ന പദ പ്രയോഗത്തിനാധാരം ഇവിടെ ജീവിച്ചിരുന്ന സതീരത്നങ്ങൽ ആയിരുന്നു. ഇനിയങ്ങോട്ടു ഈ ജനുസ്സു പ്രതീക്ഷിക്കേണ്ട എന്നാണോ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നതു?? പുരുഷനൊപ്പം സമത്വം വേണമെന്ന വാദഗതിയുമായി സ്ത്രീ മുന്നോട്ടു പോകുമ്പോൾ കൈ വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്ന ഭാരതീയ സംസ്കാരത്തെക്കുറിച്ചാരും ചിന്തിക്കുന്നില്ല.

2010, ഏപ്രിൽ 11, ഞായറാഴ്‌ച

ബംഗ്ലോര്‍ അഥവാ അവസരം

ഇവിടെയ്ക്ക് വന്നിട്ട് രണ്ടു ആഴ്ച കഴിഞ്ഞു. എന്നെ തേടിയെത്തിയ ആദ്യ അവസരത്തെ കുറിച്ചാണ് എഴുതുന്നത്‌ :

'സില്‍ക്ക് ബോര്‍ഡ്‌ ' നിന്നും വീട്ടിലേക്കു പോകാന്‍ ബസ്‌ കാത്തു നില്‍ക്കുന്ന സമയം. "ഇന്ദിര നഗര്‍"-ലേക്ക് പോകാന്‍ ഒരാള്‍ വഴി ചോദിച്ചു ഒരാള്‍ എന്നെ സമീപിച്ചു. "201R" എന്തായാലും പോകും" ഞാന്‍ മറുപടി നല്‍കി ; കാരണം ഞാന്‍ അതിലാണ് പോകുന്നത് .

വസ്ത്രധാരണം കൊണ്ട് മാന്യനെന്നു തോന്നിച്ച ആ കുറുകി മെലിഞ്ഞ ചെറുപ്പക്കാരന്‍ 80% കഷണ്ടിയായിരുന്നു . ഇവിടെ വലിയൊരു കമ്പനിയിലാണ് ജോലിയെന്നും, IIT Madras ആണ് പഠിച്ചതെന്നും ചോദിക്കാതെ തന്നെ അയാള്‍ പറഞ്ഞു. എന്നാലിപ്പോള്‍ സ്വന്തമായി നടത്തുന്ന വ്യാപാര സ്ഥാപനത്തിലാണ് ശ്രദ്ധ എന്ന് കൂടെ കൂട്ടിചേര്‍ത്തപ്പോള്‍ അത് എന്തെന്ന് അറിയാന്‍ എനിക്ക് ചെറിയൊരു ആകാംഷ തോന്നി.

E-commerce രംഗത്താണ് അയാളുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി അത് നന്നായി പോകുന്നെന്നും പറഞ്ഞു അയാള്‍ യാത്രയായി. പോകുന്നതിനു മുന്നേ ഫോണ്‍ നമ്പര്‍ വാങ്ങാന്‍(തരാന്‍) അയാള്‍ മറന്നില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കേണ്ട എന്നൊരു ഓര്‍മപ്പെടുത്തലും . ഇരിക്കട്ടെയെന്നു ഞാനും കരുതി. ഇനിയെങ്ങാനും ആ കമ്പനിയില്‍ ജോലി കിട്ടിയാലോ !!

കുറച്ചു നാളുകള്‍ക്കു ശേഷം അയാളുടെ ഫോണ്‍ വന്നു ; അയാളുടെ സ്വന്തം സ്ഥാപനത്തില്‍ പുതിയ ആളുകളെ എടുക്കുന്നുവെന്നും : അത്യധികം കഴിവുറ്റവരും, ആശയ-ആവിഷ്കരണശാലികളെ അവര്‍ പ്രതീക്ഷിക്കുന്നതെന്നും അയാള്‍ വ്യക്തമാക്കി. ആ നിലയില്‍ എന്നെ അവരുടെ സ്ഥാപനത്തിലേക്ക് സ്വാഗതം ചെയ്യാനാണ് വിളിച്ചതെന്നും അയാള്‍ പറഞ്ഞു. ബാക്കി വിവരങ്ങള്‍ ഞായറാഴ്ച നല്‍കാമെന്ന വ്യവസ്ഥയില്‍ ആ സംഭാഷണം അവസാനിച്ചു .

പുതിയ സ്ഥലമായതിനാല്‍ നേരത്തെ ഇറങ്ങിയെങ്കിലും 10 നിമിഷം വൈകിയാണ് എത്തിയത്. അവിടെ ഏകദേശം 10-15 എക്സിക്യൂട്ടീവ്മാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാനെത്തിയ ഉടനെ യോഗം തുടങ്ങി. എന്നെ കൂടാതെ ഒരു 8-10 പേര്‍ ഇത് പോലെ പുതുതായി വന്നിട്ടുണ്ട്.

IIT-IIM കഴിഞ്ഞു നല്ല നിലയിലുള്ള കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇതിന്റെ അച്ചാണി എന്ന് തുടങ്ങുന്ന പ്രഭാഷണം 30 നിമിഷം നീണ്ടു. WALLMART പോലെ ചില്ലറ വിപണിയില്‍ മൊത്തം ക്രയവിക്രയതിന്റെ 70% വിഴുങ്ങുന്നതാണ് ഇവരുടെ വിജയരഹസ്യമെന്ന് അയാള്‍ പരസ്യപെടുത്തി.

ഇതുവരേയ്ക്കും അവര്‍ വ്യാപാരം എന്താണെന്നും, കമ്പനിയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും പറഞ്ഞില്ല. അത് വിശദീകരിക്കാന്‍ വേറൊരു മാന്യ അദ്യത്തെ ക്ഷണിച്ചു.

ഒരു ലോട്ടരിക്കാരനെ അനുസ്മരിപ്പിക്കും വിധം അയാള്‍ ചിലച്ചു കൊണ്ടിരുന്നു. ബോര്‍ഡില്‍ ഒരു ചിത്രം വരച്ചു വിശദീകരണം തുടങ്ങി::
ഈ വ്യാപാര ശ്രിംഖലയിലെ ഓരോ ഉപഭോക്താവും പ്രധാനമായും മൂന്ന് വസ്തുതകളുമായി ബന്ധപെട്ടിരിക്കുന്നു:
1. ഉപഭോക്ത വിവര കോശം
2. BWW
3. വിപണന-ഗതാഗത ചാലിക
ഇതില്‍ മൂനാമത് പറഞ്ഞത് മറ്റൊരു കമ്പനിയാണ് ചെയ്യുന്നതെന്നും , അതിന്റെ പേര് "AMWAY"
എന്നാണെന്നും പറഞ്ഞപ്പോള്‍ എല്ലാവര്ക്കും കാര്യം പിടികിട്ടി . പലരും ബഹളം കൂട്ടി തുടങ്ങി. സാമാന്യം ആരോഗ്യമുള്ള ഒന്ന് രണ്ടു പേര്‍ ചേര്‍ന്ന് അയാളെ വിളിച്ചു കൊണ്ട് പോയപ്പോള്‍ മനസ് പറഞ്ഞു " ആരോഗ്യമല്ല ഇവിടെ ബുദ്ധിയാണ് ഉപയോഗിക്കേണ്ടതെന്നു "

രക്ഷപെടാന്‍ മാര്‍ഗം തേടി നടക്കുമ്പോള്‍ കൂട്ടത്തിലുള്ള ഒരു മലയാളി പറഞ്ഞു "അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ പരിപാടി കഴിയും അത് വരെ എല്ലാം സമ്മതിച്ചു ഇരിക്കാം" എന്ന്. അതാണ് ഭേദം എന്ന് തോന്നി, അങ്ങനെ അവിടെ കുറച്ചു നേരം കൂടിയിരുന്നു.

അവര്‍ വിടാന്‍ ഭാവമില്ലായിരുന്നു; നിങ്ങളുടെ ഏത് ആവശ്യവും പറയു, ഈ കമ്പനിയിലൂടെ നിങ്ങള്‍ക്ക് അതെങ്ങനെ നേടാമെന്ന് പറഞ്ഞു തരാമെന്ന് പറഞ്ഞു അവര്‍ എന്നെ പിടിച്ചിരുത്തി.
എന്തൊക്കെയോ പറഞ്ഞു അവിടെ നിന്നു ഞാന്‍ തടി തപ്പി .
പുറത്തിറങ്ങുമ്പോള്‍ ഞാന്‍ മനസിലോര്‍ത്തു " ബംഗ്ലോരെ ഇത്രയ്ക്ക് വേണ്ടായിരുന്നു ..."