2018, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

ഉറുമ്പ് ചത്താൽ വാർത്ത തവള ചാകും വരെ.. തവള ചത്താൽ


ഓൺലൈനിൽ എല്ലാവരും രണ്ടു ദിവസം  ആദിവാസി ബാലന് വേണ്ടി മാറ്റി വെക്കാൻ തീരുമാനിച്ചതിൽ സന്തോഷം രേഖപെടുത്തുന്നു. ആരോ പറഞ്ഞ പോലെ - " ഉറുമ്പ് ചത്താൽ വാർത്ത തവള ചാകും വരെ.. തവള ചത്താൽ വാർത്ത പാമ്പു ചാകും വരെ.. പാമ്പ് ചത്താൽ വാർത്ത പരുന്തു ചാകും വരെ.... "

ഇനിയുള്ളത് മേൽപ്പറഞ്ഞ ഗണത്തിൽ പെടാത്ത സാധാരണ മനുഷ്യർക്ക് വേണ്ടിയാണ്  , ബാക്കിയുള്ളവർക്ക് വായന ഇവിടെ നിർത്താം .
courtesy: thenewsminute.com

ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽ , അല്ലെകിൽ ഘോരനഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ നമ്മൾ മലയാളികൾ മനസ്സിൻറെ ഉള്ളിൽ പറയുന്ന ഒരു വാചകമുണ്ട് -

 " വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത  ബ്ലഡി നോർത്തിന്ത്യൻ ഗ്രാമവാസി , നിൻറെയൊക്കെ തലയിൽ ചകിരിച്ചോറാണോ ? ഞങ്ങൾ സദ്ഗുണ സമ്പന്ന മലയാളികളെ കണ്ടു പഠിക്കൂ , ഞങ്ങടെ നാട്ടിൽ ഇങ്ങിനെയൊന്നും സംഭവിക്കുകയെ ഇല്ല "

 രാഷ്ട്രീയ ഭൂപടം മാറിയപ്പോൾ ഈ താരതമ്യം ചാണകസങ്കിസ്താനും  സൊമാലിയക്കാരും തമ്മിലായി എന്ന ചെറിയ വ്യത്യാസമേ വന്നുള്ളൂ.

എന്തുകൊണ്ട് ഇത്തരം കാടൻ സമീപനങ്ങളിലേക്ക് നമ്മളും എത്തിച്ചെർന്നു എന്ന് ചിന്തിച്ചു പോയാൽ വെറുമൊരു ഒരു രാഷ്ട്രീയവഴക്കായി ഇതോടുങ്ങും. അത് കൊണ്ട് നമുക്കത് വിടാം.നമുക്കെന്തു ചെയ്യാൻ കഴിയും എന്നത് ചിന്തിക്കുന്നതായിരിക്കും കൂടുതൽ ഗുണകരം.

ഭിക്ഷക്കാർ , അലഞ്ഞു തിരിഞ്ഞു നടക്കുന്നവർ എന്നിവരോട് മുൻധാരണ വെച്ച് പെരുമാറാൻ നമ്മൾ ശീലിച്ചിട്ടു അധികമായില്ല. കുട്ടികളെ കടത്തുന്നു എന്ന വാർത്തയാണ് അതിൻറെ ഹേതു. അത് കൊണ്ട് കാള പെറ്റെന്നു കേൾക്കുമ്പോളേ കയറെടുക്കാതെ. അതായത് ആദ്യ പടിയായി , കൈ വെക്കാതെ കണ്ണ് മാത്രം വെക്കാൻ ശീലിക്കുക; കയ്യിലിരുപ്പ് മോശമായിട്ടുള്ള വേഷം കെട്ടുകാരെ കൈ വെക്കുന്നതിൽ തെറ്റില്ല.

ചെറുപ്പക്കാരിലും കൗമാരക്കാരിലും മനുഷ്യത്തം , ദീനാനുകമ്പ , സേവനതല്പരത എന്നിവ വളർത്തി കൊണ്ട് വരേണ്ടത് അത്യാവശ്യമാണ്. സ്കൂൾ/കോളേജ് അധ്യാപകർ അതിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം എന്ന അപേക്ഷ ഇതോടൊപ്പം ചേർക്കുന്നു.  "എല്ലാവരും ചെയ്യുന്ന കൊണ്ട് ഞാനും ചെയ്യുന്നു " ,  ഒഴുക്കിനൊപ്പമെന്ന ആശയം എപ്പോളും പ്രവർത്തികമല്ലെന്നും കഴിയുമ്പോളൊക്കെ ശരിക്ക് വേണ്ടി  ശബ്ദം ഉയർത്തണമെന്നും , ശ്രമത്തിൽ തോറ്റു പോയാലും അതിലൊരു അന്തസ്സ് ഉണ്ടെന്നും അവരെ പറഞ്ഞു മനസ്സിലാക്കണം. (സുരേഷ് ഗോപി സ്റ്റൈലിൽ)   തല തിരിഞ്ഞ സന്താനങ്ങൾ ഉള്ള മാതാപിതാക്കൾ ഇന്ന് കണ്ണാടി നോക്കി പറയണം  .......
അല്ലെങ്കിൽ പോട്ടെ , അതും വിട്ടു കള.


അവശവിഭാഗങ്ങൾക്ക്  സഹായം എത്തിക്കുന്ന സംഘടകൾക്കു കഴിയുന്ന സഹായം നൽകുക എന്നതാണ് ചെയ്യാവുന്ന മറ്റൊരു കാര്യം. കുറെപ്പേർ ഇതിപ്പോൾ ചെയ്യുന്നുണ്ട് ; കുറേ കള്ളനാണയങ്ങൾ ഉള്ള മേഖലയായ കൊണ്ട് ചെയ്യുന്ന സഹായങ്ങൾ ലക്ഷ്യത്തിൽ എത്തുന്നുവെന്നും ഉറപ്പു വരുത്തുക.


ഇതിനേക്കാളൊക്കെ പ്രാധാന്യമുള്ള ഒരു പ്രവർത്തിയുണ്ട് . അതിച്ചിരി മെനക്കേടുള്ള പണിയായത് കൊണ്ട് എല്ലാരും ചെയ്തെന്നു വരില്ല. കേന്ദ്ര-കേരള സർക്കാരുകൾ ഇത്തരം ആളുകൾക്കായി ഒരുപാട് പദ്ധതികൾ  ആവിഷ്ക്കരിച്ചിട്ടുണ്ട് , ഒരുപാട് പൈസയും ചെലവാക്കുന്നുണ്ട് ; അതൊക്കെ ഏതു വായിലേക്കാണ് പോകുന്നതെന്ന് അറിയില്ല. അത് കറക്റ്റ് ആയി ഇവരുടെ വീട്ടിലേക്കു എത്തിക്കാനുള്ള ഒരു വഴി ഉണ്ടാക്കുക.
സംഭവം ലളിതമാണ്, ഇത്തരക്കാർക്കായി എന്തൊക്കെ സഹായമാണ് ഉള്ളതെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് അറിവുണ്ടാകും. കളക്ടർ , വില്ലേജ് ഓഫീസർ മുതലായവർക്കു സഹായിക്കാൻ സാധിക്കും, ഇല്ലെകിൽ ഒരു പത്ത് രൂപ ചെലവിൽ RTI കൊടുക്കാം (സമയം എടുക്കും). അത് കൃത്യമായി അവർക്കു കിട്ടുന്ന സാഹചര്യം ഉണ്ടായാൽ തന്നെ പകുതി പ്രശ്നങ്ങൾ തീരും.
 

ഈ പറഞ്ഞതിൽ  അല്ലെകിൽ ഇതിനേക്കാൾ മെച്ചമായിഎനിക്കെന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിച്ച് , പ്രവർത്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു, ഞാൻ അടക്കമുള്ള നമ്മൾ.

.