2013, ഫെബ്രുവരി 23, ശനിയാഴ്‌ച

ഗുരുവായൂരപ്പന്റെ ഓരോ ലീലാവിലാസങ്ങളേയ്

തൊഴല്‍, പ്രസാദം, പപ്പടം, ആനക്കൊട്ടില്‍ , പായസം അങ്ങനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ പലര്‍ക്കും പല കാരണങ്ങളാണ്;  ഒരിക്കല്‍ എനിക്കും കിട്ടി ഒരു കാരണം. 

ലോകത്തിലെ ഏറ്റവും വലിയ "മാനേജ്‌മന്റ്‌ ഗുരു"  സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ആണെന്ന് ഒരു MBA അദ്ധ്യാപകന്‍ ഒരു പരിപാടിക്കിടെ പറയുകയുണ്ടായി (ഹിന്ദു ദൈവം എന്ന രീതിയില്‍ അല്ല; ശ്രീകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ പ്രവര്‍ത്തികള്‍ നോക്കി). അങ്ങനെയുള്ള ഗുരുവായൂരപ്പനെന്ന വലിയ കള്ളനും ഞാനെന്ന ചെറിയ കള്ളനും ചേര്‍ന്ന് നടത്തിയ ഒരു വ്യവഹാരത്തിന്റെ റിപ്പോര്‍ട്ട്‌

പണ്ട് പണ്ട് , വളരെ പണ്ട് , ഞാന്‍ ഇപ്രകാരം ചിന്തിച്ചു

"ഈ വീട്ടുകാര്‍ ഉറപ്പിക്കുന്ന കല്യാണത്തിലൊന്നും ഒരു ത്രില്ലില്ല , പിന്നെ വല്ലവളുമാരെയും പ്രേമിച്ചു കെട്ടാന്‍ പറ്റിയില്ലെങ്കില്‍ അതിന്റെ പ്രശ്നങ്ങള്‍ വേറെ - അപ്പൊ നമ്മുടെ തലയില്‍ വരച്ച ആ സംഭവത്തിനെ ഇച്ചിരി നേരത്തെ ഇങ്ങു കിട്ടുവാണെങ്കില്‍ കുറേ നാള്‍ പ്രേമിച്ചു സമയമാവുമ്പോള്‍ അങ്ങ് കെട്ടി സന്തോഷമായി കഴിയാലോ "

ആലോചിച്ചപ്പോള്‍ പരിപാടി കൊള്ളാം ..

ഇനിയിപ്പോ അങ്ങനെ ഒരാളെ എങ്ങനെ കണ്ടു പിടിക്കും ? ലോകത്തില്‍ എവിടെയോ ജീവിക്കുന്ന ആ പെണ്ണിനെ എങ്ങനെ തിരിച്ചറിയും?
അപ്പോഴാണ്‌ പണ്ടൊരു സാറു പറഞ്ഞ കാര്യം ഓര്‍മ വന്നത് . അങ്ങനെ പ്രശ്നം മൂപ്പര്‍ക്കങ്ങു വിട്ടു കൊടുക്കാന്‍ തീരുമാനം ആയി , അതായതു ഗുരുവായൂരപ്പനു. വലിയ തിരക്കാണെങ്കിലും ആശ്രിതവത്സലന്‍ ആണ്,നടപടി ഉണ്ടാകാതിരിക്കില്ല.

ആ വിശ്വാസത്തില്‍ അടുത്ത ഗുരുവായൂര്‍ യാത്രയ്ക്ക് മുന്‍പ് രണ്ടും കല്‍പ്പിച്ചു ആ നിവേദനം അങ്ങ് വെച്ചു .

"ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിനെ അവിടെ വെച്ച് തന്നെ എനിക്ക് കാണിച്ചു തരണം. ബാക്കി കാര്യം ഞാനേറ്റു "
മൂപ്പരു സമ്മതിച്ചെന്നു തോന്നി.

അങ്ങനെ ഒരുപാട് പ്രതീക്ഷകളുമായി അടുത്ത തവണ ഗുരുവായൂര്‍ പോയി ... ആരോ ചന്തയ്ക്കു പോയ പോലെ ആയീന്നു പറഞ്ഞാല്‍ മതീല്ലോ !!!

ഒന്നല്ല മൂന്ന് തവണ പറ്റിച്ചു ... അപ്പൊ മനസിലായി ഈ വല്യ കള്ളന്മാരുമായുള്ള ഇടപാടോന്നും ശരിയാവില്ല എന്ന്.
പിന്നെ ആലോചിച്ചു .. അവിടെ ഒരുപാട് പെണ്‍പിള്ളേരുണ്ടായിരുന്നല്ലോ , അതിലേതെങ്കിലും ആണെങ്കിലോ ?! അവരെയൊക്കെ ഞാന്‍ കണ്ടതുമാണ് .. എനിക്ക് മനസിലാവത്തതാണെങ്കിലോ? പാവം വെറുതെ കുറ്റം പറഞ്ഞു.

അടുത്ത തവണയ്ക്ക് മുന്‍പ് പ്രാര്‍ത്ഥന ഒന്ന് പരിഷ്ക്കരിച്ചു , ഇനി അബദ്ധം പറ്റരുതല്ലോ.. മൂന്ന് തവണത്തെ യാത്രയാ  പാഴായത്.

"ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണിനെ അവിടെ വെച്ച് തന്നെ എനിക്ക് കാണിച്ചു തരണം, എന്നു വെച്ചാല്‍ എനിക്ക് ആളെ ചൂണ്ടിക്കാണിച്ചു  തരണം. ബാക്കി കാര്യം ഞാനേറ്റു
ഹാ .. അതിപ്പോ എങ്ങനാ എന്നാണെങ്കില്‍ , ഞാനൊരു വഴി പറയാം . ആ കുട്ടി എന്നോട് എന്തെങ്കിലും വന്നു സംസാരിക്കണം , സമയം ചോദിക്കുക്കയോ , വഴി മാറാന്‍ പറയുകയോ , വഴി ചോദിക്കുകയോ , പ്രസാദം കൊടുക്കുന്ന സ്ഥല വിവരം അന്വേഷിക്കുകയോ അങ്ങനെ എന്തെങ്കിലും ചോദിച്ചേ പറ്റു
 "

അതും മൂപ്പരു സമ്മതിച്ച പോലെ തോന്നി. എന്റെ ബുദ്ധിയില്‍ എനിക്ക് തന്നെ ഒരഭിമാനമോക്കെ തോന്നി തുടങ്ങി. ഒരൊറ്റ പഴുതില്ലാതെയല്ലേ പ്രാര്‍ത്ഥിച്ചതു.

അങ്ങനെ വീണ്ടും ഒരു കൊട്ട പ്രതീക്ഷകളുമായി ഞാന്‍ പോയി...
ഫലം തഥൈവ , ഒന്നല്ല രണ്ടു വട്ടം.. നന്ദനത്തിലെ ബാലാമണിയെ പോലെ ഞാനും കുറെ കുറ്റം പറഞ്ഞു .. തലയൊക്കെ തണുത്തപ്പോള്‍ ഇരുന്നാലോചിച്ചു ; ഇനിയിപ്പോ അങ്ങനെ ഒരാളില്ലെങ്കിലോ .. പാവം ഞാന്‍ ചീത്ത വിളിച്ചിട്ട് വല്യ കാര്യവുമുണ്ടോ? മൂപ്പരെ കൊണ്ട് കൂട്ട്യാ കൂടില്ലെങ്കില്‍ പിന്നെ ...

ആ പ്രാര്‍ത്ഥന അങ്ങ് പിന്‍വലിക്കാന്‍ വേറൊരു ഹര്‍ജി അങ്ങ് സമര്‍പ്പിച്ചു.. ഇത്തരം പ്രാര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ വല്യ താമസം ഉണ്ടാകേണ്ട കാര്യമില്ല...ഇതിനു വേറൊരു കാരണവും കൂടെ ഉണ്ടായിരുന്നു; അതിനിടെ മറ്റൊരിടത്ത് വെച്ച് കണ്ടു മുട്ടിയ വേറെ ഒരു പെണ്‍കുട്ടിയോട് ചെറിയൊരു ... അയ്യേ ..എനിക്ക് നാണമാ .. ഞാന്‍ പറയൂലാ..

കുറെ നാളുകള്‍ക്കു ശേഷം വീണ്ടും ഒന്ന് ഗുരുവായൂര്‍ക്ക് പോയി ..തോഴുതൊക്കെ കഴിഞ്ഞു പ്രസാദം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ പുറകീന്നൊരു വിളി , ചേട്ടാ..KP ചേട്ടാ... തോളത്തൊരു തോണ്ടല്‍ ..
അതെ സംഭവം എന്നെ തന്നെ .. പണ്ട് തന്നെ അപ്ലിക്കേഷന്‍ ഇപ്പോഴാണോ പരിഗണിക്കുന്നത്? നല്ല വല്ല കമ്പ്യൂട്ടറും വാങ്ങി വെച്ചൂടെ .. ഇത്ര താമസം പാടില്ല...

പക്ഷേ .. എന്നെ പേര് വിളിക്കണമെങ്കില്‍ അറിയാവുന്ന ആരെങ്കിലും ആവണ്ടേ .. ദൈവമേ... പണി പാളിയോ ?! ഇത് വരെ അങ്ങനെ ഒരിഷ്ടം ആരോടും തോന്നിയിട്ടില്ല  , പ്രത്യേകിച്ച് എന്നെ ചേട്ടാന്നു വിളിക്കുന്ന ഒരാളോട് ...ഇനി വിധി അങ്ങനെ ആണെങ്കില്‍... വരുന്നത് വരട്ടെ എന്ന് വെച്ച് തിരിഞ്ഞൊന്നു നോക്കി...

ഇവളോ .. ഏയ് ഇത് ശരിയാവൂലാ ...ഒട്ടും ശരിയാവൂലാ ..

കോളേജില്‍ എന്റെ ജൂനിയര്‍ .. നേരത്തെ പറഞ്ഞ ആ കുട്ടിയുടെ ... ഹാ മറന്നോ .. നമ്മടെ ആ കുട്ടിയില്ലേ ..ലത് തന്നെ .. അവളുടെ നാട്ടുകാരിയാ .. അവള്‍ക്കിവളെയും ഇവള്‍ക്കവളെയും എനിക്കിവരെയും നന്നായി അറിയാം.. ദൈവമേ പണി തരുമ്പോ ഇങ്ങനെ തന്നെ തരണം.. പറ്റില്ലെങ്കില്‍ അത് പറഞ്ഞാ പോരായിരുന്നോ .. ഇങ്ങനെ പരീക്ഷിക്കണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?! അമ്മുമ്മയേയും കൊണ്ട് വന്നതാത്രേ ..വീട്ടില്‍ വേറെ ആരും ഇല്ലായിരുന്നോ ഈ അമ്മുമ്മയെ കൊണ്ട് വരാന്‍ .. അതും കാറ്റടിച്ചാല്‍ പറന്നു പോകുന്ന ഇവളാണ് വേറെ ഒരാള്‍ക്ക് കൂട്ട് വന്നത്...

എന്തായാലും അങ്ങനെ ഒന്നും സംഭവിക്കില്ല എന്നറിയാമെങ്കിലും .. ലോലമായ മനസ്സല്ലേ (എന്റെ!)..നാളെ എങ്ങാനും കൈ വിട്ടു പോയാലോ ?! അത് കൊണ്ട്  ഒരു മുന്‍കരുതല്‍ എന്ന നിലയക്ക്‌ ലവളോടും ലിവളോടും കാര്യം പറഞ്ഞു...

അവള്‍ മാത്രമല്ല - അവളുടെ കൂട്ടുകാര്‍ , ഒരു വലിയ പട എന്റെയും കൂട്ടുകാര്‍ ആയിരുന്നു ..സംഭവം അറിഞ്ഞു എനിക്ക് ഗംഭീരമായ വരവെല്‍പ്പായിരുന്നു (കോളേജ്  അല്ലെ , നിങ്ങള്ക്ക് ഊഹിക്കാമല്ലോ) .. അങ്ങനെ ചിരിച്ചു കളിച്ചു ആ സംഭവം അന്ന് തിങ്കളാഴ്ച ഞാനങ്ങു എഴുതി തള്ളി ...ഞാന്‍ മാത്രമല്ല എല്ലാവരും .. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചിരുന്നത് ..

പക്ഷെ ..

കാര്യങ്ങള്‍ അവിടെ നിന്നില്ല എന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്‌ ..

ഈ പറഞ്ഞ കുട്ടിയുടെ കൂട്ടുകാരി എന്നെ അന്വേഷിച്ചു വന്നു...ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു..

ദൈവമേ പ്രശ്നം ആയോ?!

"അവളിന്ന് ക്ലാസ്സില്‍ വന്നിട്ടില്ല , വീട്ടിലും ഇല്ല "

" പിന്നെവിടെപ്പോയി " എനിക്ക് ടെന്‍ഷന്‍ ആയി..

"ഗുരുവായൂര്‍ക്ക് പോയി.. അതും ഒറ്റയ്ക്ക്" അവള്‍ ചിരിച്ചു...

"എന്ത്? എങ്ങോട്ട് പോയെന്നു ? ഗുരുവയൂര്‍ക്കോ? എന്തിനു?" മനസ്സില്‍ ചോദ്യങ്ങളുടെ പെരുമഴ പെയ്തു

"ചേട്ടന്‍ പ്രാര്‍ത്ഥന ക്യാന്‍സല്‍ ചെയ്തത് ശരിക്കും ദൈവം സീരിയസ് ആയി എടുത്തോ എന്നറിയില്ലെല്ലോ , അത് കൊണ്ട് അത് ശരിക്കും ക്യാന്‍സല്‍ ചെയ്യണം എന്ന് പ്രാര്‍ത്ഥിക്കാന്‍ പോയതാ ..."

ഡിം .. തലയില്‍ എന്തോ വന്നു വീണു .

" അയ്യേ, ഇതൊക്കെ അവള്‍ സീരിയസ് ആയി എടുത്തോ ?!  " അങ്ങനെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു വന്നവളെ പറഞ്ഞയച്ചു ...

തിരിച്ചു റൂമില്‍ വന്നിരുന്നു ആലോചിച്ചു .. എന്താ കുട്ടികളിങ്ങനെ . ഒരു തമാശക്ക് പറഞ്ഞതല്ലേ?!
കണ്ണാടി എടുത്തു നോക്കി ; അല്ലാ , അവളെ കുറ്റം പറയാന്‍ പറ്റില്ല. ജീവിതം കോഞ്ഞാട്ട ആവണ കേസാണേ .. പ്രാര്‍ത്ഥിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളൂ..

അങ്ങനെ പ്രാര്‍ത്ഥന നിര്‍ത്തി.. ഇനി കാര്യങ്ങള്‍ വരും പോലെ വരട്ടെ എന്നായി...

അടിക്കുറിപ്പ് :
ലവളും ലിവളും ഇപ്പോള്‍ ഭര്‍ത്താക്കന്മാരോടൊന്നിച്ചു സുഖമായി ജീവിക്കുന്നു.


2013, ഫെബ്രുവരി 13, ബുധനാഴ്‌ച

കുര്യന്റെ രാജിയും നീതിനിഷേധവുംകുര്യന്‍ ഇപ്പൊ രാജി വെക്കേണ്ട കാര്യമില്ല . ങേ? അതെ അത് തന്നെ, വേണ്ടാന്ന് .

നാല്പതു പേര്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് പതിനേഴു വര്‍ഷമായി കിട്ടാത്ത നീതി , ഇപ്പൊ വേണമെങ്കില്‍, അതിനു  കുര്യന്റെ രാജി മാത്രമാണ് പോംവഴിയെങ്കില്‍ അങ്ങനെ ഒരു നീതി ആ പെണ്‍കുട്ടിക്ക് വേണ്ട.

പെണ്‍കുട്ടിയുടെയും കുര്യന്റെയും സ്വഭാവം എന്തോ ആയിക്കോട്ടേ; രാജി വെക്കാതെ കുര്യനെതിരെ കേസ് മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റില്ല എന്നും കുര്യന്‍ ഔദ്യോഗികപദവി ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കും എന്ന് വിശ്വസിക്കുന്നവരോട് ചിലത് ചോദിക്കട്ടെ?

ആറു തവണ ലോകസഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും പ്രവേശനം കിട്ടിയ പി ജെ കുര്യന്‍ , ഊര്‍ജ-വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി കൂടെ ആയിരുന്നു. അങ്ങനെ ഉള്ള ഒരാള്‍ക്ക് തന്റെ പേരിലുള്ള ഒരു കേസ് തേച്ചുമാച്ചു കളയാന്‍ സാധിക്കില്ല എന്നാണോ നിങ്ങളുടെ വിശ്വാസം ? ഇന്നലെ മഴയില്‍ കുരുത്ത ഏതു പുത്തന്‍പണക്കാരനും സാധിക്കുമത് , അധികാരത്തിന്റെ കൂടെ ആവശ്യമില്ല.

കുര്യന്‍ ഉള്‍പ്പെടെ നാല്‍പ്പതു പേരുടെ ഭാവി ചോദ്യചിഹ്നമാക്കി കൊണ്ട് 17 വര്‍ഷം ഒരു സാധാരണ പെണ്‍കുട്ടി സമൂഹത്തില്‍ ജീവിക്കുന്നു , ഉന്മൂലനസിദ്ധാന്തത്തിനു വേരോട്ടമുള്ള കേരളത്തില്‍ അവളെങ്ങനെ സുരക്ഷിതയായി ജീവിക്കുന്നു? (സംശയം ഉള്ളവര്‍ ഒരു MLA , MP ക്ക് അല്ലെങ്കില്‍ ഒരു പണക്കാരന് പണി കൊടുത്തു നോക്ക് , ശേഷം നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് അനുഭവിച്ചു മനസിലാക്കൂ )

ഇനി ആ പെണ്‍കുട്ടിക്ക് നീതി വേണമെങ്കില്‍ എന്ത് കൊണ്ട് മറ്റു 39 പേരെ ശിക്ഷിക്കുന്നില്ല ?! അത് കഴിഞ്ഞു കുര്യന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നതില്‍ അത്ഭുതമൊന്നുമില്ല. സാധാരണക്കാരായ 39 പേരെ ശിക്ഷിക്കാന്‍ കോടതിക്ക് ധൈര്യമില്ലേ? ഒരു കുര്യനെ അങ്ങ് കഴുവേറ്റിയാല്‍ മാത്രമേ കുട്ടിക്ക് നീതി കിട്ടൂ?

ഇനി കുര്യന്‍ നിരപരാധി ആണെങ്കില്‍ അയാളുടെ കുടുംബത്തിനു ഉണ്ടാകുന്ന നഷ്ടം നിങ്ങളെങ്ങനെ തിരുത്തും? അഞ്ചുരൂപാ കവറില്‍ ഒരു മാപ്പ് എഴുതി അയക്കാനുള്ള മനസ്ഥിതി നിങ്ങള്‍ക്കുണ്ടോ?

ഒരു ആരോപണത്തിന്റെ മുനയില്‍ ചീന്തി പോകാനുള്ളതല്ല ജനപ്രതിനിധികളുടെ ഭാവി ; അധികാരത്തിന്റെ തിളക്കത്തില്‍ കോടതിക്കും പോലീസിനും കണ്ണുമഞ്ഞളിക്കാനും പാടില്ല. അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ചു കുതികാല്‍ വെട്ടാന്‍ നടക്കുന്ന രാഷ്ട്രീയഹിജടകള്‍ക്ക് ജനം ചൂട്ടുപിടിക്കേണ്ട ആവശ്യവുമില്ല.

ഇതൊരു കുര്യന്റെ മാത്രം കാര്യമല്ല.