2021, മാർച്ച് 25, വ്യാഴാഴ്‌ച

വകതിരിവ് : ആറാം തരം

 കിറ്റ് രാഷ്ട്രീയത്തിന്റെ കാലത്ത് പറയാൻ പറ്റിയ ഒരു ചെറുകഥ ഉണ്ട്.


പണ്ട് പണ്ട്, ഒരു 20 കൊല്ലങ്ങൾക്ക് മുന്നേ നടക്കുന്ന ഒരു ക്ലാസ്സ്‌ ഇലക്ഷൻ ആണ് രംഗം.

നമ്മുടെ മത്സരാർത്ഥിയുടെ ആദ്യത്തെ തെരഞ്ഞെടുപ്പു എന്നുള്ള പ്രത്യേകത കൂടിയുണ്ട് ഇതിന്.


ഉച്ചക്കാണ് ഇലക്ഷൻ.

ക്ലാസ്സിൽ കുറച്ചധികം active ആയിരുന്ന ഒരു കക്ഷിയാണ് ടിയാന്റെ എതിരാളി.

ടിയാന്റെ ആദ്യ തെരഞ്ഞെടുപ്പു ആയ കൊണ്ട് കാര്യങ്ങളെ കുറിച് വല്യ പിടി ഇല്ല. ചോറൊക്കെ ഉണ്ട് കഴിഞ്ഞു പാട്ടും പാടി വന്നപ്പോൾ ക്ലാസ്സിലെ പിള്ളേരുടെ കയ്യിലൊക്കെ ഒരു കെട്ടു നെയിംസ്ലിപ്.


പല വർണ്ണത്തിൽ, ചിത്രങ്ങൾ ഉള്ള, പല സൈസിൽ പിടക്കുന്ന നല്ല സ്റ്റൈലൻ നെയിം സ്ലിപ്പുകൾ. പത്താം ക്ലാസ്സ്‌ വരെ ഒട്ടിച്ചാലും തീരാത്ത അത്രയുണ്ട് ഓരോ കെട്ടിലും.


ഹൈ! കൊള്ളാലോ എനിക്ക് കിട്ടിയില്ലല്ലോ എന്ന് അശ്ചര്യപെട്ടു നിൽക്കുന്ന ടിയാനോട് ഒരു കുട്ടി വന്നു ചോദിച്ചു - "നീ തരുന്നില്ലേ നെയിം സ്ലിപ്?"


സലിം കുമാറിന്റെ അതേ ഭാവം ഉൾക്കൊണ്ട്‌ കൊണ്ട് ടിയാൻ തിരിച്ച്‌ ചോദിച്ചു - "എന്തിന്? "


"നിനക്കു വോട്ട് ചെയ്യാൻ!!!"

ഇതൊന്നും അറിയാതെയാണോ ഇലക്ഷനു നില്കുന്നെ എന്നുള്ള പുച്ഛഭാവം കാണമായിരുന്നു മുഖത്ത്.


എന്തായാലും അധികം ആലോചിക്കാൻ സമയം ഒന്നുമുണ്ടായില്ല, ടിയാന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായി.

" നെയിം-സ്ലിപ് കൊടുത്ത് കിട്ടുന്ന വോട്ട് എനിക്ക് വേണ്ട ". ഒരു PC ജോർജ് ലൈൻ. (ഉള്ളിലെ പേടി പുറത്ത് കാട്ടരുതല്ലോ)


എന്തായാലും ഇലക്ഷൻ സമംഗളം നടന്നു. ടിയാൻ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചു. എതിരാളിക്ക് കിട്ടിയത് 3 വോട്ട്. അവന്റെ ഇടതും വലതും ഇരിക്കുന്ന 2 + ലവന്റെ സ്വന്തം വോട്ട്.


ഈ കഥയിലെ നായകൻ സ്വഭാവികമായും ടിയാൻ അല്ല. ആ കുട്ടികൾ ആണ്. കാശ് കൊടുത്ത് നെയിംസ്ലിപ് വാങ്ങുന്ന സമയത്ത് ഒരു കെട്ട് ഫ്രീ ആയി കിട്ടിയിട്ടും (എന്തിന്റെ പേരിലായാലും) അത് തന്നവന് വോട്ട് കൊടുക്കാതെ ഇരുന്ന ആ പിള്ളേരുടെ നിലവാരം പോലും ഇപ്പോഴത്തെ പല വോട്ടർമാർക്കും ഇല്ല എന്നുള്ളത് ലജ്ജാവഹമാണ്.


പറഞ്ഞു വന്നത് - വോട്ട് ചെയ്യാൻ പോകുമ്പോൾ ആ ആറാം ക്ലാസ്സ്‌ പിള്ളേരുടെ വക തിരിവെങ്കിലും കാണിക്കണം നിങ്ങൾ. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ