2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഐ,ടി :: ഇന്നത്തെ കാഴ്ച ...

ഇന്നു നീ നാളെ ഞാന്‍

ശീതീകരിച്ച ഈ മുറിയിലേക്ക് കയറുന്ന ആരുടെ കണ്ണുകളിലും പഴയ ആ തിളക്കമില്ല. അടുത്ത കാലത്തായി പല സുഹൃത് ബന്ധങ്ങളിലും വിള്ളല്‍ വീണു തുടങ്ങിയിരിക്കുന്നു. കൃത്രിമച്ചിരിയില്‍ പൊതിഞ്ഞുള്ള പുതിയ പല സുഹൃത് ബന്ധങ്ങളും തളിര്‍ക്കുന്നു. ആകെ വീര്‍പ്പു മുട്ടിക്കുന്ന അന്തരീക്ഷം. തിയതി ൧ ആയാല്‍ ശമ്പള ചീട്ടിനു പകരം അടുത്ത മാസത്തെ ബില്ലിംഗിലാണ് എല്ലാവരുടെയും കണ്ണുകള്‍. അതെ ഇതു ഐ ടി മേഖലയുടെ ഇന്നത്തെ മുഖചിത്രമാണ്.

കൊഴിഞ്ഞു പോക്ക് നാട്ടു നടപ്പാണ് എങ്ങിലും ഇവിടെയത് ഭീകരമാണ്. ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ പലതും പ്രതാപ കാലത്തിന്റെ തിരുശേഷിപ്പുകലാണ് . ചായ സമയത്തെ കുശലാന്വേഷണം പോലും സ്വന്തം പദവി ഉറപ്പിക്കാനുള്ള തത്രപ ഭാഗം മാത്രം. ഇവിടെയിപ്പോള്‍ പൊന്‍ പണത്തിന്റെ തിളക്കമില്ല, സാമ്പത്തികമാന്ദ്യം ഞെക്കിപ്പിഴിഞ്ഞ ശമ്പള ചീട്ടില്‍ ബാക്കിയുള്ള നക്കാപ്പിച്ച എത്രയെന്നു നോക്കാന്‍ പോലും ആരും മേനകെടാറില്ല.

നിര്‍ത്താതെ ചിലച്ച്$ഇരുന്ന എന്റെ മൊബൈല് ഫോണ്‍ ഇപ്പോള്‍ ദീര്‍ഘ സുഷുപ്തിയിലാണ്. വന്‍ കിട ബാങ്കുകളുടെ കസ്റ്റമര്‍ കെയറില്‍ നിന്നും ക്രെഡിറ്റ്‌ കാര്‍ഡും ലോണും തരാമെന്നു പറഞ്ഞുള്ള കിളിനാദങ്ങളും പാടെ നിലച്ചു. ഇപ്പോള്‍ മൊബൈല് ചിലച്ചാല്‍ എല്ലാവരും സംശയത്തോടെ തിരിഞ്ഞു നോക്കും. കിടമത്സരം നിലനില്ക്കുന്ന അടുത്ത സ്ഥാപനത്തില്‍ നിന്നുള്ള ജോലി വാഗ്ദാനമാകാം എന്നുള്ളതാണ് സംശയത്തിന് കാരണം. കാമുകിയുടെതാനെന്നു പറഞ്ഞാല്‍ പോലും സംശയത്തിന്റെ വളവ് ആ പുരികങ്ങളില്‍ കാണാം.

പടികളിറങ്ങി താഴെ ചെന്നാല്‍ കഫെയില്‍ പതിവിലും കൂടുതല്‍ തിരക്ക്‌. സ്ഥാപനത്തിന്റെ അംഗസംഖ്യ കൂടിയതല്ല കാരണം, പണിയില്ലാതെ ബെഞ്ചില്‍ ഇരികുന്നവരുടെ സൊറ പറച്ചില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും തീര്‍ന്നിട്ടില്ല. ഇനിയെന്ത്‌ എന്നറിയാതെ ദീര്‍ഘ കാലം സംത്രിപ്തിയോടെ ശമ്പളം വാങ്ങിയിരുന്നവരോദ് പെട്ടി പൂട്ടി കൊള്ളാന്‍ മാനുഷികവിഭവത്തിന്റെ കാര്യകാരന്‍ പറഞ്ഞ തുടങ്ങി. "ഇന്ന നീ നാളെ ഞാന്‍" എന്നുള്ളതാണ് ഇവിടത്തെ ആപ്തവാക്യം.

ഒന്നു സമാധാനത്തിനായി നാട്ടിലേക്ക് പോകാമെന്ന് വിചാരിച്ചാലോ?!, "പണിയൊന്നുമില്ലേ?, കുറെ നാളായല്ലോ ഇവിടെ" എണ്ണ ചോദ്യശരം തയ്യാറായി ഇരുപ്പുണ്ടാവും. കൂടെ ആരോടെന്നില്ലാത്ത കമെന്റും "എല്ലാവര്ക്കും എഞ്ചിനീയറിംഗ് പടിക്കാഞ്ഞിട്ടായിരുന്നു, ഇപ്പൊ കണ്ടില്ലേ!!".

എന്തൊക്കെ പറഞ്ഞാലും 'അമേരിക്ക' എന്നുള്ള തീവ്രവികാരം കുറയ്ക്കാന്‍ ഈ പ്രതിസന്ധി സഹായിച്ചു. പലരും ഭാരതാംബയുടെ സാന്ത്വനം തേടി തിരികെ വന്നു തുടങ്ങി.

ഈ മേഖലയിലെ ശബ്ദ താരാവലിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു വാക്കാണ്‌ "പാര്‍ട്ടി" അതിന് പകരം "ഡച്ച്‌ പാര്‍ട്ടി " പ്രചാരം നേടി വരുന്നു. ഇതെല്ലാം കാണുമ്പോള്‍ പഴയ രണ്ടുവരി കവിത ഓര്‍മ വരുന്നു. "അധിക തുംഗ പദതിലെത്ര ശോഭിച്ചിരുന്നു നീ ...". ഓ ..സമയം പോയി... "തൊഴിലാളിയാണ് താരം" എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടു വീണ്ടും മുതലാളിയുടെ കത്ത്. ഡിലീറ്റ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്തിട്ട് ഞാന്‍ വീണ്ടും ആ വിരസത നിറഞ്ഞ ലോകത്തിലേക്ക്‌ തിരിച്ചു പോകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ